മാഡ്രിഡ്– യൂറോപ്യൻ ചാമ്പ്യൻസ് ലീഗിൽ പ്രീ ക്വാർട്ടർ ബെർത്ത് ഉറപ്പിക്കാനായുള്ള പ്ലേ ഓഫ് രണ്ടാം പാദ പോരാട്ടങ്ങൾ ഫുട്ബോൾ പ്രേമികൾക്ക് സമ്മാനിച്ചത് ആവേശം നിറഞ്ഞ നിമിഷങ്ങൾ. സ്വന്തം തട്ടകമായ സാന്റിയാഗോ ബെർണബ്യൂവിൽ നടന്ന മത്സരത്തിൽ ബെൻഫിക്കയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്ത് റയൽ മാഡ്രിഡ് പ്രീ ക്വാർട്ടറിൽ പ്രവേശിച്ചു. മത്സരത്തിന്റെ 14-ാം മിനിറ്റിൽ തന്നെ റാഫ സിൽവ ഗോളിലൂടെ ബെൻഫിക്ക മുന്നിലെത്തിയെങ്കിലും തൊട്ടു പിന്നാലെ ഔറേലിയൻ ചൗമേനിയിലൂടെ റയൽ ഒപ്പമെത്തി. 80-ാം മിനിറ്റിൽ വിനീഷ്യസ് ജൂനിയർ ലക്ഷ്യം കണ്ടതോടെ റയലിന്റെ വിജയം ഉറപ്പിച്ചു. 3-1 എന്ന സ്കോറിൽ റയൽ അടുത്ത ഘട്ടത്തിലേക്ക് മുന്നേറി.
മറ്റൊരു ആവേശകരമായ മത്സരത്തിൽ ഫ്രഞ്ച് കരുത്തർ തമ്മിൽ ഏറ്റുമുട്ടിയ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ പി എസ് ജി അവസാന 16 ലേക്ക് യോഗ്യത ഉറപ്പിച്ചു. പി.എസ്.ജി മൊണാക്കോയുമായി രണ്ട് ഗോളുകൾ വീതം നേടി സമനിലയിൽ പിരിഞ്ഞെങ്കിലും ആദ്യ പാദത്തിൽ നേടിയ നേരിയ ജയമാണ് പാരീസ് ടീമിനെ രക്ഷപ്പെടുത്തിയത്. 60-ാം മിനിറ്റിൽ മാർക്വിനോസും 66-ാം മിനിറ്റിൽ ഖ്വിച്ച ക്വാറത്സെലിയയും പി.എസ്.ജിക്കായി വലകുലുക്കിയപ്പോൾ, മാഗ്നസ് അക്ലിയോച്ച് (45), ജോർദാൻ തേസ് (90+1′) എന്നിവർ മൊണാക്കോയ്ക്കായി തിരിച്ചടിച്ചു.
മറ്റൊരു മത്സരത്തിൽ ഇറ്റാലിയൻ വമ്പന്മാരായ യുവന്റസ് ജയം കണ്ടിട്ടും പ്രീ ക്വാർട്ടർ കാണാതെ പുറത്തായി. തുർക്കി ക്ലബ്ബ് ഗലാറ്റസറെയോട് രണ്ടിനെതിരെ മൂന്ന് ഗോളുകൾ ജയിച്ചെങ്കിലും ആദ്യ പാദത്തിലെ വമ്പൻ തോൽവി തിരിച്ചടിയായി. ദുസാൻ വ്ലഹോവിച്ചിന്റെ ഇരട്ട ഗോളുകളുടെയും നിക്കോ ഗോൺസാലസിന്റെ ഗോളിലൂടെയും നിശ്ചിത സമയത്ത് മൂന്ന് ഗോളുകൾക്ക് മുന്നിലെത്തി ഇരുപാദങ്ങളിലായി സ്കോർ 5-5 ആക്കി യുവന്റസ് പൊരുതിനിന്നെങ്കിലും എക്സ്ട്രാ ടൈമിൽ വിക്ടർ ഒസിമെൻ ഉൾപ്പെടെയുള്ളവർ ഗലാറ്റസറെക്കായി നടത്തിയ മുന്നേറ്റങ്ങൾ യുവന്റസിന്റെ സ്വപ്നങ്ങൾ തകർത്തു. അഗ്രിഗേറ്റ് സ്കോർ 7-5 നാണ് തുർക്കി ക്ലബ്ബിന്റെ അവിശ്വസനീയ മുന്നേറ്റം.
ജർമ്മൻ കരുത്തരായ ബോറൂസിയ ഡോർട്മുണ്ടിനെ തകർത്തെറിഞ്ഞ് ഇറ്റാലിയൻ ടീമായ അറ്റലാന്റയും പ്രീ ക്വാർട്ടറിലേക്ക് യോഗ്യത നേടി. ആദ്യപാദത്തിലെ രണ്ട് ഗോളുകൾക്ക് പരാജയപ്പെട്ട അറ്റ്ലാന്റ ഒന്നിനെതിരെ നാലു ഗോളുകൾക്ക് ജയിച്ച് തിരിച്ചുവരവ് നടത്തി. ഇരു പാദങ്ങളിലായി 4-3 നാണ് അറ്റലാന്റ ഡോർട്മുണ്ടിനെ മറികടന്നത്. അഡെമോള ലുക്ക്മാന്റെ ഇരട്ട ഗോളുകളും റെറ്റെഗി, ഡി കെറ്റലറെ എന്നിവരുടെ ഗോളുകളാണ് അറ്റലാന്റയ്ക്ക് ജയം സമ്മാനിച്ചത് .
ഇതോടെ ചാമ്പ്യൻസ് ലീഗിലെ പ്രീ ക്വാർട്ടർ ലൈനപ്പുകൾ പൂർത്തിയായിരിക്കുകയാണ്. വെള്ളിയാഴ്ച സ്വിറ്റ്‌സർലൻഡിൽ വെച്ച് നടക്കുന്ന നറുക്കെടുപ്പിലൂടെയാകും ഇനി വരാനിരിക്കുന്ന പോരാട്ടങ്ങൾ തീരുമാനിക്കപ്പെടുക.



