ജിദ്ദ – വാണിജ്യ കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കാനും കപ്പലുകള്‍ക്കെതിരായ ആക്രമണങ്ങള്‍ തടയാനും സൗദി അറേബ്യയുടെ നേതൃത്വത്തില്‍ പുതുതായി സ്ഥാപിച്ച ബഹുരാഷ്ട്ര നാവിക പ്രതിരോധ സഖ്യസേനാ കമാന്‍ഡറായി റിയര്‍ അഡ്മിറല്‍ അബ്ദുല്ല ബിന്‍ സാലിം അല്‍ശഹ്രിയെ നിയമിച്ചതായി സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു. നാവിക പ്രതിരോധ സഖ്യത്തിന്റെ സ്ഥാപന ഘടന ശക്തിപ്പെടുത്തുകയും പ്രവര്‍ത്തന സന്നദ്ധത വര്‍ധിപ്പിക്കുകയും ചെയ്യുന്ന നിലക്ക്, 2026 ജൂലൈ 30 ന് പ്രഖ്യാപിച്ച സ്ഥാപനനടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായാണ് ഈ നിയമനം.
സഖ്യത്തിന്റെ ചാര്‍ട്ടറിനും അന്താരാഷ്ട്ര നിയമത്തിലെ വ്യവസ്ഥകള്‍ക്കും അനുസൃതമായി സമുദ്ര സുരക്ഷയെ പിന്തുണക്കുക, നാവിഗേഷന്‍ സ്വാതന്ത്ര്യം സംരക്ഷിക്കുക, സമുദ്ര പാതകളും കടലിടുക്കുകളും സുരക്ഷിതമാക്കുക, അന്താരാഷ്ട്ര വ്യാപാരത്തെയും ആഗോള വിതരണ ശൃംഖലകളെയും പിന്തുണക്കുക എന്നിവ ലക്ഷ്യമിട്ടുള്ള പ്രതിരോധ ദൗത്യങ്ങള്‍ നിറവേറ്റാന്‍ സാധിക്കുന്ന നിലക്ക്, സഖ്യത്തിന്റെ കമാന്‍ഡ് ഘടന പൂര്‍ത്തിയാക്കാനുള്ള സ്ഥാപക രാജ്യങ്ങളുടെ പ്രതിബദ്ധതയെ കമാന്‍ഡറുടെ നിയമനം പ്രതിഫലിപ്പിക്കുന്നതായി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
സഖ്യസേനാ കമാന്‍ഡര്‍ സംയുക്ത നാവിക പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും അംഗരാജ്യങ്ങളും മറ്റ് നാവിക സഖ്യങ്ങളും തമ്മിലുള്ള ആസൂത്രണത്തിനും ഏകോപനത്തിനും മേല്‍നോട്ടം വഹിക്കുകയും സംയുക്ത പ്രവര്‍ത്തനങ്ങളും ദൗത്യങ്ങളും നടപ്പാക്കുന്നത് നിരീക്ഷിക്കുകയും ചെയ്യും. സംയുക്ത കമാന്‍ഡ് ഘടനകളുടെ സ്ഥാപനം പൂര്‍ത്തിയാക്കാനും അംഗരാജ്യങ്ങളെ സ്വീകരിക്കാനുള്ള സന്നദ്ധതയും ശേഷികളും വിഭവങ്ങളും വര്‍ധിപ്പിക്കാനും പ്രോഗ്രാമുകളും സംരംഭങ്ങളും ആരംഭിക്കാനും സമുദ്ര സുരക്ഷ, വിവര കൈമാറ്റം, ശേഷി കെട്ടിപ്പടുക്കല്‍, പരിശീലനം, സംയുക്ത അഭ്യാസങ്ങള്‍ എന്നീ മേഖലകളില്‍ സഹകരണം ശക്തിപ്പെടുത്താനും ഈ ചുവടുവെപ്പ് സഹായകമാകുമെന്ന് മന്ത്രാലയം വിശദീകരിച്ചു.
സഖ്യം രൂപീകരിച്ചതിനുശേഷം കൂടുതല്‍ രാജ്യങ്ങള്‍ അതില്‍ ചേരുന്ന പ്രക്രിയ തുടരുകയാണ്. പുതുതായി ഏതാനും രാജ്യങ്ങള്‍ സഖ്യസേനാ സ്ഥാപനത്തിനുള്ള സംയുക്ത പ്രഖ്യാപനത്തില്‍ ഒപ്പുവെച്ചു. മറ്റു ചില രാജ്യങ്ങള്‍ സംയുക്ത പ്രഖ്യാപനത്തിലും സഖ്യ ചാര്‍ട്ടറിലും ഒപ്പിടുന്നതിനും സ്ഥാപക അംഗങ്ങളായി ഔദ്യോഗികമായി ചേരുന്നതിനുമുള്ള മുന്നോടിയായി സ്വന്തം രാജ്യങ്ങളില്‍ ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിവരികയാണ്.
സഖ്യസേനാ ലക്ഷ്യങ്ങളോടും തത്വങ്ങളോടും യോജിക്കുന്ന എല്ലാ രാജ്യങ്ങളുടെയും അംഗത്വത്തെ സ്വാഗതം ചെയ്യുന്ന ഒരു തുറന്ന അന്താരാഷ്ട്ര ചട്ടക്കൂടാണ് സഖ്യം. അംഗത്വ അപേക്ഷകള്‍ സ്വീകരിക്കുന്നത് തുടരുന്നു. പുതുതായി ഒപ്പിടല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ രാജ്യങ്ങളെ ഉള്‍പ്പെടുത്തിയുള്ള തുടര്‍ പ്രസ്താവന പുറപ്പെടുവിക്കും. ഇത് സ്ഥാപക അംഗങ്ങളുടെ അടിത്തറ വിശാലമാക്കുകയും അതിന്റെ പ്രതിരോധ കാര്യക്ഷമതയും, നാവിക സുരക്ഷയെയും സ്ഥിരതയെയും പിന്തുണക്കാനുള്ള ശേഷിയും വര്‍ധിപ്പിക്കുകയും ചെയ്യും. അംഗീകൃത സംഘടനാ ക്രമീകരണങ്ങള്‍ക്കനുസരിച്ച് പുതിയ രാജ്യങ്ങള്‍ക്കായുള്ള പ്രവേശന നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനും സ്ഥാപന ഘടനാ ആവശ്യകതകള്‍ക്ക് അന്തിമരൂപം നല്‍കാനും 2026 ഓഗസ്റ്റ് 12, 13 തീയതികളില്‍ ആസൂത്രകരുടെ യോഗത്തോടെ സഖ്യസേനയുടെ സ്ഥാപന ഘട്ടങ്ങള്‍ തുടരും.
കമാന്‍ഡറെ നിയമിച്ചത് സഖ്യസേനാ സ്ഥാപനത്തിലെ സുപ്രധാന നാഴികക്കല്ലാണ്. സഖ്യസേന സ്ഥാപിക്കാനുള്ള ആവശ്യകതകള്‍ നിറവേറ്റുന്നതില്‍ കൈവരിച്ച പുരോഗതി ഇത് പ്രതിഫലിപ്പിക്കുന്നു. കൂട്ടായ സമുദ്ര സുരക്ഷ വര്‍ധിപ്പിക്കാനും പ്രാദേശിക, അന്തര്‍ദേശീയ സ്ഥിരതയെ പിന്തുണക്കാനും അന്താരാഷ്ട്ര സമൂഹത്തിന്റെ പങ്കിട്ട താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനും സഹായിക്കുന്ന ബഹുരാഷ്ട്ര നാവിക പ്രതിരോധ ചട്ടക്കൂട് സ്ഥാപിക്കുന്നതിലേക്ക് നീങ്ങാനുള്ള സ്ഥാപക രാജ്യങ്ങളുടെ പ്രതിബദ്ധതയെയും ഇത് പ്രതിഫലിപ്പിക്കുന്നതായി സൗദി പ്രതിരോധ മന്ത്രാലയം പറഞ്ഞു.
ബഹുരാഷ്ട്ര നാവിക പ്രതിരോധ സഖ്യം കമാന്‍ഡറായി നിയമിതനായ റിയര്‍ അഡ്മിറല്‍ അബ്ദുല്ല ബിന്‍ സാലിം അല്‍ശഹ്രിക്ക് 32 വര്‍ഷത്തിലധികം സൈനിക, നേതൃത്വ പരിചയസമ്പത്തുണ്ട്. റോയല്‍ സൗദി നാവിക സേന ആസൂത്രണ, ബജറ്റ്, നിര്‍മ്മാണ അതോറിറ്റി തലവന്‍, സ്‌പെയിനിലെ മാരിടൈം സൂപ്പര്‍വിഷന്‍ ആന്റ് മോണിറ്ററിംഗ് ഓഫീസ് ഡയറക്ടര്‍, റോയല്‍ സൗദി നാവിക സേനക്കായി അഞ്ച് യുദ്ധക്കപ്പലുകളുടെ നിര്‍മ്മാണം ഉള്‍പ്പെട്ട സരവാത്ത് പദ്ധതി പ്രോജക്ട് മാനേജര്‍, സൗദി, സ്പാനിഷ് പ്രതിരോധ മന്ത്രാലയങ്ങള്‍ തമ്മിലുള്ള എക്‌സിക്യൂട്ടീവ് കരാറിനായുള്ള സ്റ്റിയറിംഗ് കമ്മിറ്റി സെക്രട്ടറി എന്നിവ അടക്കം ഏതാനും കമാന്‍ഡ്, ഓപ്പറേഷനല്‍ സ്ഥാനങ്ങള്‍ ഇക്കാലത്ത് അദ്ദേഹം വഹിച്ചിട്ടുണ്ട്.
കമാന്‍ഡ് ആന്റ് കണ്‍ട്രോള്‍, ഓപ്പറേഷന്‍ പ്ലാനിംഗ്, ബഹുരാഷ്ട്ര സൈനിക സഹകരണം എന്നീ മേഖലകളിലും വിപുലമായ പരിചയസമ്പത്തുണ്ട്. ഏതാനും സംയുക്ത നാവിക ഓപ്പറേഷനുകള്‍, ദൗത്യങ്ങള്‍, അഭ്യാസങ്ങള്‍ എന്നിവ നയിക്കുന്നതിലും ആസൂത്രണം ചെയ്യുന്നതിലും പങ്ക് വഹിച്ചിട്ടുണ്ട്.മാഡ്രിഡിലെ കോംപ്ലൂട്ടന്‍സ് സര്‍വകലാശാലയില്‍ നിന്ന് പ്രതിരോധ, അന്താരാഷ്ട്ര സുരക്ഷാ നയത്തില്‍ ബിരുദാനന്തര ബിരുദവും അമേരിക്കയിലെ നേവല്‍ പോസ്റ്റ് ഗ്രാജുവേറ്റ് സ്‌കൂളില്‍ നിന്ന് ഹ്യൂമന്‍ റിസോഴ്സ് മാനേജ്മെന്റില്‍ ബിരുദാനന്തര ബിരുദവും ഉള്‍പ്പെടെ നിരവധി പ്രത്യേക സൈനിക, അക്കാദമിക് യോഗ്യതകള്‍ റിയര്‍ അഡ്മിറല്‍ അബ്ദുല്ല അല്‍ശഹ്രി നേടിയിട്ടുണ്ട്. ബ്രിട്ടനില്‍ നിന്ന് സ്ട്രാറ്റജിക് ഡിഫന്‍സ് ലീഡര്‍ഷിപ്പ്, സ്‌പെയിനിലെ സെന്റര്‍ ഫോര്‍ ഹയര്‍ നാഷണല്‍ ഡിഫന്‍സ് സ്റ്റഡീസില്‍ നിന്ന് കമാന്‍ഡ് ആന്റ് സ്റ്റാഫ്, ഫ്രാന്‍സിലെ സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് മിലിട്ടറി സ്റ്റഡീസ് പ്രോഗ്രാം എന്നിവയുള്‍പ്പെടെ ഏതാനും അഡ്വാന്‍സ്ഡ് ലീഡര്‍ഷിപ്പ് കോഴ്‌സുകളും പ്രോഗ്രാമുകളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. സൈനിക സര്‍വീസിനിടെ ഏതാനും മെഡലുകളും അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്.






