റിയാദ്- ഈ സീസണിലും സൗദിയിലെ അൽ നസ്റിൽ തുടരുമെന്ന് ഫുട്ബോൾ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. സ്പെയിനിനെ പരാജയപ്പെടുത്തി യുവേഫ നേഷൻസ് ലീഗ് നേടിയ ശേഷമാണ് നാല്പതുകാരനായ താരം ഇക്കാര്യം പറഞ്ഞത്. ഫൈനലിൽ ഒരു ഗോൾ നേടി താരം രാജ്യത്തെ കിരീടത്തിലേക്ക് നയിച്ചിരുന്നു.
വിജയത്തിന് ശേഷമാണ് സൗദി പ്രോ ലീഗ് ക്ലബ്ബിൽ തുടരാൻ പദ്ധതിയുണ്ടെന്ന് റൊണാൾഡോ വ്യക്തമാക്കിയത്. “എന്റെ ഭാവി? അടിസ്ഥാനപരമായി ഒന്നും മാറാൻ പോകുന്നില്ല,” അദ്ദേഹം പറഞ്ഞു. അൽ-നസറിൽ തുടരുമോ എന്ന് നേരിട്ട് ചോദിച്ചപ്പോൾ അതെ എന്നായിരുന്നു റൊണാൾഡോയുടെ മറുപടി.
യുഎസിലെ ക്ലബ്ബുകളിൽ നിന്ന് നിരവധി ഓഫറുകൾ ലഭിച്ചതായും അദ്ദേഹം വെളിപ്പെടുത്തി. അൽ നസറുമായുള്ള റൊണാൾഡോയുടെ കരാർ ഈ മാസം അവസാനിക്കും. റൊണാൾഡോയുമായുള്ള കരാർ നീട്ടുന്നതിനെക്കുറിച്ച് ചർച്ചകൾ നടത്തിവരികയാണെന്ന് അൽ-നാസറിന്റെ സ്പോർട്ടിംഗ് ഡയറക്ടർ ഫെർണാണ്ടോ ഹിയേറോ വ്യക്തമാക്കി. 2022 ഡിസംബറിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് അൽ-നാസറിൽ ചേർന്നതിനുശേഷം, റൊണാൾഡോ 111 മത്സരങ്ങളിൽ നിന്ന് 99 ഗോളുകൾ നേടിയിട്ടുണ്ട്.