മനാമ: രാജ്യത്തിനെതിരായ ഇറാൻ ആക്രമണങ്ങളെ സോഷ്യൽ മീഡിയയിലൂടെ പിന്തുണച്ചതുൾപ്പെടെയുള്ള കുറ്റകൃത്യങ്ങളിൽ 12 പേർക്ക് ബഹ്റൈൻ ഹൈ ക്രിമിനൽ കോടതി 10 വർഷം വീതം തടവുശിക്ഷ വിധിച്ചു. വിവിധ ക്രിമിനൽ കേസുകളിലായി പ്രതി ചേർക്കപ്പെട്ടവർക്കാണ് കോടതി കടുത്ത ശിക്ഷ നൽകിയത്. തടവിനു പുറമെ ചില പ്രതികൾക്ക് 2,000 ബഹ്റൈൻ ദിനാർ വീതം പിഴയും ചുമത്തിയിട്ടുണ്ട്. ഇവരിൽ നിന്ന് പിടിച്ചെടുത്ത ഡിജിറ്റൽ ഉപകരണങ്ങൾ ഉൾപ്പെടെയുള്ള എല്ലാ വസ്തുക്കളും കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു.
രാജ്യത്തിനെതിരായ ഇറാൻ ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കുക, നിരോധിത മേഖലകളുടെ ദൃശ്യങ്ങൾ ചിത്രീകരിക്കുക, അതീവ രഹസ്യസ്വഭാവമുള്ള സുപ്രധാന വിവരങ്ങൾ ചോർത്തുകയും പ്രചരിപ്പിക്കുകയും ചെയ്യുക, സോഷ്യൽ മീഡിയയിലൂടെ വ്യാജവാർത്തകളും കിംവദന്തികളും പരത്തുക തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരുന്നത്.
പൊതുസുരക്ഷ തകർക്കുക, ജനങ്ങൾക്കിടയിൽ പരിഭ്രാന്തി സൃഷ്ടിക്കുക, സമൂഹത്തിന്റെ മനോവീര്യം കെടുത്തുക എന്നീ ലക്ഷ്യങ്ങളോടെ പ്രവർത്തിച്ച ചില സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ബഹ്റൈൻ സൈബർ ക്രൈം ഡയറക്ടറേറ്റ് ആണ് കണ്ടെത്തിയത്. തുടർന്ന് പബ്ലിക് പ്രോസിക്യൂഷന് പരാതി കൈമാറുകയായിരുന്നു.
വിശദമായ അന്വേഷണത്തിലൂടെ അക്കൗണ്ട് ഉടമകളെ തിരിച്ചറിയുകയും പബ്ലിക് പ്രോസിക്യൂഷൻ ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയുമുണ്ടായി. സാക്ഷിമൊഴികളുടെയും പ്രതികളിൽ നിന്ന് പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങളിൽ നടത്തിയ സാങ്കേതിക പരിശോധനാ ഫലങ്ങളുടെയും അടിസ്ഥാനത്തിലാണ് കുറ്റം സ്ഥിരീകരിച്ചത്.
തുടർന്ന് കേസ് ഹൈ ക്രിമിനൽ കോടതിയിലേക്ക് റഫർ ചെയ്യുകയായിരുന്നു. പ്രതിഭാഗം അഭിഭാഷകരുടെ സാന്നിധ്യത്തിലും, പ്രതികൾക്ക് തങ്ങളുടെ വാദങ്ങൾ അവതരിപ്പിക്കാനുള്ള പൂർണ്ണമായ നിയമപരമായ അവകാശങ്ങൾ ഉറപ്പാക്കിയും നടത്തിയ സുദീർഘമായ വിചാരണക്കൊടുവിലാണ് കോടതി ഇന്ന് വിധി പ്രസ്താവിച്ചത്.



