തിരുവനന്തപുരം- കേരളത്തിൽ സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സിയുടെ ഓർഡിനറി ബസുകളിൽ ഏർപ്പെടുത്തിയ സൗജന്യ യാത്ര പദ്ധതിക്ക് തുടക്കമായി. മുഖ്യമന്ത്രി വി.ഡി സതീശനാണ് പദ്ധതി ഉദ്ഘാടനം നിർവഹിച്ചത്. ഇത് കേരളത്തിന്റെ അഭിമാന നിമിഷമാണെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ പറഞ്ഞു. സർക്കാർ അധികാരമേറ്റ് ഒരു മാസം തികയുന്നതിന് മുമ്പു തന്നെ പദ്ധതി ഉദ്ഘാടനം ചെയ്യാൻ സാധിച്ചത് അഭിമാനമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീകൾക്ക് നൽകുന്ന ഔദാര്യമല്ല ഇത്. സാമൂഹ്യ സാമ്പത്തിക പ്രതിഫലനങ്ങളാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഞങ്ങളുടെ സർക്കാർ, ഞങ്ങളുടെ വാഹനം, ഞങ്ങളിതിൽ അഭിമാനത്തോടെ യാത്ര ചെയ്യുന്നുവെന്ന അഭിമാന ബോധം സ്ത്രീകൾക്ക് ലഭ്യമാകും.
കഠിനാദ്ധ്വാനികളായ പാവപ്പെട്ട സ്ത്രീകൾ, വിദ്യാർഥിനികൾ, സാധാരണക്കാരായ സ്ത്രീകൾ തുടങ്ങിയവർക്കെല്ലാം ഇത് ഏറെ ഗുണം ചെയ്യും. മാറ്റിവെക്കാൻ കഴിയുന്ന തുക പോലും എന്ത് ചെയ്യണമെന്ന് സ്ത്രീകൾ തീരുമാനിച്ചിട്ടുണ്ട്. സ്ത്രീകൾക്ക് ഇതുവഴി സമ്പാദ്യമുണ്ടാക്കാൻ കഴിയും. ഈ പദ്ധതിക്കായി സർക്കാർ 800 കോടി രൂപയാണ് മുടക്കുന്നത്. ഗതാഗത മന്ത്രിയെയും അവരുടെ ടീമിനെയും പറ്റി നല്ല ബോധ്യമുണ്ട്. അവർ കെ.എസ്.ആർ.ടി.സിയെ ലാഭത്തിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിലെ സ്വകാര്യ ബസ് വ്യവസായം നേരിടുന്ന പ്രതിസന്ധി പരിഹരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊതുഗതാഗതം കൂടുതൽ കാര്യക്ഷമമാക്കുന്നതിന് വേണ്ടിയുള്ള നടപടികൾ സ്വീകരിക്കും. കേരളത്തിലെ ഒരു സെക്ടറും തകരാൻ പാടില്ല. നിറഞ്ഞ കണ്ണുകളോടെ ഈ പദ്ധതി കേരളത്തിലെ വനിതകൾക്ക് സമർപ്പിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.



