മാഡ്രിഡ്- പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഉൾപ്പെട്ട ലൈംഗിക വീഡിയോ പ്രചരിപ്പിച്ചുവെന്ന കേസിൽ റയൽ മാഡ്രിഡിന്റെ സ്പാനിഷ് ഫുട്ബോളർ റൗൾ അസെൻസിയോയെ സ്പാനിഷ് കോടതി കുറ്റവിമുക്തനാക്കി. അസെൻസിയോക്കെതിരെയുള്ള കുറ്റപത്രങ്ങൾ സ്പാനിഷ് പ്രോസിക്യൂട്ടർമാർ പൂർണ്ണമായും പിൻവലിക്കുകയായിരുന്നു. ഇരകൾ മാപ്പ് നൽകിയതായി കോടതിയെ അറിയിച്ചതോടെയാണ് കുറ്റപത്രങ്ങൾ പ്രോസിക്യൂട്ടർമാർ പിൻവലിച്ചത്.
അതേസമയം, കേസിൽ ഉൾപ്പെട്ട മൂന്ന് മുൻ റയൽ മാഡ്രിഡ് യൂത്ത് താരങ്ങളായ ആൻഡ്രേസ് ഗാർസിയ, ഫെറാൻ റൂയിസ്, ജുവാൻ റോഡ്രിഗസ് എന്നിവരുടെ ശിക്ഷയിൽ കോടതി ഇളവ് നൽകുകയും ചെയ്തു
2023 ജൂണിൽ കാനറി ദ്വീപുകളിൽ വെച്ച് റയൽ മാഡ്രിഡ് അക്കാദമിയിലെ മറ്റ് മൂന്ന് കളിക്കാർ രണ്ട് യുവതികളുമായി നടത്തിയ ലൈംഗിക ബന്ധത്തിന്റെ ദൃശ്യങ്ങൾ പകർത്തിയതുമായി ബന്ധപ്പെട്ടാണ് കേസ്.
ദൃശ്യങ്ങൾ ചിത്രീകരിക്കുന്നതിൽ അസെൻസിയോ പങ്കാളിയായിരുന്നില്ലെങ്കിലും അശ്ലീല വീഡിയോ മറ്റൊരാൾക്ക് ഷെയർ ചെയ്തു എന്നതായിരുന്നു അദ്ദേഹത്തിന് മേൽ ചുമത്തപ്പെട്ട കുറ്റം.
