തിരുവനന്തപുരം- വെസ്റ്റിൻഡീസിനെതിരെ എട്ട് വിക്കറ്റിന്റെ തകർപ്പൻ വിജയവുമായി ഏകദിന പരമ്പരയ്ക്ക് ആവേശത്തുടക്കമിട്ട് ഇന്ത്യ. വെസ്റ്റിൻഡീസ് ഉയർത്തിയ 296 റൺസിന്റെ വിജയലക്ഷ്യം 50 പന്തുകൾ ബാക്കിനിൽക്കെ ഇന്ത്യ അനായാസം മറികടന്നു. സെഞ്ചുറികളുമായി അനന്തപുരിയിലെ ക്രിക്കറ്റ് ആരാധകർക്ക് അവിസ്മരണീയ ബാറ്റിങ് വിരുന്നൊരുക്കിയ വിരാട് കോഹ്ലിയും ശുഭ്മാൻ ഗില്ലുമാണ് ഇന്ത്യയുടെ വിജയം അനായാസമാക്കിയത്. നാല് വിക്കറ്റ് വീഴ്ത്തിയ കുൽദീപ് യാദവാണ് പ്ലെയർ ഓഫ് ദി മാച്ച്.
വെസ്റ്റിൻഡീസ് – 50 ഓവറിൽ 295/7, ഇന്ത്യ 41.4 ഓവറിൽ 300/2
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിൻഡീസിന് ഓപ്പണർമാർ സ്വപ്നതുല്യമായ തുടക്കമാണ് നൽകിയത്. നിതീഷ് റെഡ്ഡി എറിഞ്ഞ രണ്ടാം ഓവറിൽ 18 റൺസ് പിറന്നു. നിതീഷിനെതിരെ ജസ്റ്റിൻ ഗ്രീവ്സ് നാല് ബൗണ്ടറികളാണ് നേടിയത്. നിതീഷിന് പകരം ഗുർനൂർ ബ്രാറിനെ പന്തേൽപ്പിച്ചിട്ടും വിൻഡീസിന്റെ റണ്ണൊഴുക്കിന് തടയിടാനായില്ല. ഗ്രീവ്സും ജോൺ ക്യാമ്പെല്ലും ചേർന്ന് ഏഴാം ഓവറിൽ തന്നെ വിൻഡീസ് സ്കോർ അൻപത് കടത്തി. പവർപ്ലേ അവസാനിക്കും മുൻപേ രവീന്ദ്ര ജഡേജയെ കളത്തിലിറക്കിയ ക്യാപ്റ്റന്റെ തന്ത്രവും ഫലം കണ്ടില്ല. ജഡേജയുടെ ആദ്യ ഓവറിൽ രണ്ട് സിക്സും ഒരു ബൗണ്ടറിയുമടക്കം 16 റൺസാണ് ജോൺ ക്യാമ്പെൽ നേടിയത്. 14-ആം ഓവറിൽ വിൻഡീസിന്റെ സ്കോർ നൂറിലെത്തി.ഇന്ത്യൻ ബൗളിങ്ങിനെ തച്ചുടച്ച് മുന്നേറിയ കൂട്ടുകെട്ടിന് അവസാനമിട്ടത് കുൽദീപ് യാദവാണ്. ഇരുപതാം ഓവറിൽ ജോൺ ക്യാമ്പെല്ലിനെ പുറത്താക്കി കുൽദീപ് ഇന്ത്യക്ക് ആദ്യ വഴിത്തിരിവ് സമ്മാനിച്ചു. പതിയെ താളം വീണ്ടെടുത്ത ഇന്ത്യൻ ബൗളർമാർ വിൻഡീസിന്റെ സ്കോറിങ് ദുഷ്കരമാക്കി. സ്കോർ ഉയർത്താനുള്ള ശ്രമത്തിനിടെ കേസി കാർട്ടി (13) പ്രസിദ്ധ് കൃഷ്ണയ്ക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. 12 റൺസെടുത്ത ഷായ് ഹോപ്പ് കുൽദീപ് യാദവിന്റെ പന്തിൽ പുറത്തായി. മറുവശത്ത് മനോഹരമായി ബാറ്റിങ് തുടർന്ന ജസ്റ്റിൻ ഗ്രീവ്സ് ഏകദിനത്തിലെ തന്റെ ആദ്യ സെഞ്ചുറി പൂർത്തിയാക്കി. 108 പന്തുകളിൽ 12 ബൗണ്ടറികളടക്കം 101 റൺസാണ് ഗ്രീവ്സ് നേടിയത്.എന്നാൽ അടുത്ത ഓവറിൽ ഗ്രീവ്സിനെയും ജുവൽ ആൻഡ്രുവിനെയും തുടരെയുള്ള പന്തുകളിൽ പുറത്താക്കി കുൽദീപ് യാദവ് വിൻഡീസിന് ഇരട്ട പ്രഹരമേൽപ്പിച്ചു. 22 റൺസെടുക്കുന്നതിനിടെ നാല് വിക്കറ്റുകൾ നഷ്ടപ്പെട്ടത് വിൻഡീസിന് തിരിച്ചടിയായി. അവസാന ഓവറുകളിൽ ആഞ്ഞടിച്ച അമിർ ജംഗുവിന്റെ ഇന്നിങ്സാണ് വിൻഡീസിന്റെ സ്കോർ 295-ൽ എത്തിച്ചത്. ജംഗൂ 43 പന്തുകളിൽ 58 റൺസുമായി പുറത്താകാതെ നിന്നു. ഇന്ത്യക്ക് വേണ്ടി കുൽദീപ് യാദവ് പത്ത് ഓവറിൽ 40 റൺസ് വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തി. പ്രസിദ്ധ് കൃഷ്ണ രണ്ട് വിക്കറ്റെടുത്തു.മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് രോഹിത് ശർമ്മയും ശുഭ്മാൻ ഗില്ലും ചേർന്ന് തകർപ്പൻ തുടക്കം നൽകി. ഓപ്പണിങ് വിക്കറ്റിൽ ഇരുവരും ചേർന്ന് 74 റൺസ് കൂട്ടിച്ചേർത്തു. 32 റൺസെടുത്ത രോഹിത്, അൾസാരി ജോസഫിന്റെ പന്തിൽ പുറത്തായി. എന്നാൽ രണ്ടാം വിക്കറ്റിൽ ഒത്തുചേർന്ന ഗില്ലും കോഹ്ലിയും ചേർന്ന് കളി പൂർണ്ണമായും ഇന്ത്യയുടെ വരുതിയിലാക്കി. നേരിട്ട നാലാം പന്തിൽ തന്നെ അൾസാരി ജോസഫിനെ സിക്സർ പറത്തിയ കോഹ്ലി താൻ തകർപ്പൻ ഫോമിലാണെന്ന് വ്യക്തമാക്കി. അൾസാരിയെ വീണ്ടും സിക്സറടിച്ച് അർദ്ധസെഞ്ചുറി തികച്ച കോഹ്ലി, വൈകാതെ ഏകദിനത്തിൽ 15,000 റൺസെന്ന ചരിത്രനേട്ടവും സ്വന്തമാക്കി. 18,426 റൺസ് നേടിയ സച്ചിൻ ടെണ്ടുൽക്കർ മാത്രമാണ് ഏകദിന റൺവേട്ടയിൽ ഇനി കോഹ്ലിക്ക് മുന്നിലുള്ളത്.
മറുവശത്ത് ക്യാപ്റ്റന്റെ ഉത്തരവാദിത്തത്തോടെ തകർത്തടിച്ച ശുഭ്മാൻ ഗിൽ 96 പന്തിൽ സെഞ്ചുറി തികച്ചു. 110 റൺസെടുത്ത ഗിൽ റോസ്റ്റൺ ചേസിന്റെ പന്തിനാണ് പുറത്തായത്. 108 പന്തുകളിൽ 13 ബൗണ്ടറികളും ഒരു സിക്സുമടക്കം 110 റൺസാണ് ഗിൽ നേടിയത്. ഗില്ലിന്റെ പത്താം ഏകദിന സെഞ്ചുറിയാണിത്. തുടർന്നെത്തിയ ഋതുരാജ് ഗെയ്ക്വാദിനെ വെറും കാഴ്ചക്കാരനാക്കി ബാറ്റിങ് തുടർന്ന കോഹ്ലി 74 പന്തുകളിൽ തന്റെ സെഞ്ചുറി പൂർത്തിയാക്കി. സെഞ്ചുറിക്ക് ശേഷവും അനായാസം കൂറ്റൻ ഷോട്ടുകൾ പായിച്ച കോഹ്ലി 50 പന്തുകൾ ബാക്കിനിൽക്കെ ഇന്ത്യയെ വിജയത്തിലെത്തിച്ചു. 88 പന്തുകളിൽ 139 റൺസുമായി കോഹ്ലിയും 13 റൺസുമായി ഋതുരാജ് ഗെയ്ക്വാദും പുറത്താകാതെ നിന്നു. പത്ത് ഫോറുകളും ഒൻപത് സിക്സുമടങ്ങുന്നതായിരുന്നു കോഹ്ലിയുടെ ഇന്നിങ്സ്.
