റിയാദ്- ദേശീയ തലത്തിൽ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് കൂടുതൽ കരുത്താർജിക്കുമെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ അഭിപ്രഖ്യപ്പെട്ടു. അടുത്ത വർഷം വിവിധ സംസ്ഥാനങ്ങളിൽ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് ജയിക്കാനുള്ള സാദ്ധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തമെന്നും അദ്ദേഹം പറഞ്ഞു. റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി റിയാദ് ഡി പാലസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച നേതൃസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ അധ്യക്ഷത വഹിച്ചു.
രാജ്യത്തെ ന്യൂനപക്ഷങ്ങൾ കൂടുതൽ അരക്ഷിതരായി പോവുന്ന കാഴ്ചയാണ് ഉത്തരേന്ത്യയിൽ കണ്ടു കൊണ്ടിരിക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ന്യൂനപക്ഷ വിഭാഗത്തിന്റെ ആരാധനാലയങ്ങൾക്കെതിരെ നടക്കുന്ന പൊളിക്കൽ നടപടി അന്യായമാണ്. യു പി ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ കയ്യേറ്റം ആരോപിച്ചാണ് മസ്ജിദുകൾ പൊളിക്കുന്നത്.
ഇത് രാജ്യത്തിന്റെ ജനാധിപത്യ മതേതര ഘടന തകർക്കുന്ന നിലപാടാണ്. ഇതിനെതിരെ പരമോന്നത കോടതിയായ സുപ്രീംകോടതി ഇടപെടണം. സംസ്ഥാന സർക്കാറുകളുടെ പൊളിക്കൽ നീക്കത്തെ തടയിടാൻ കേന്ദ്രം തയ്യാറാകണമെന്നും തങ്ങൾ ആവശ്യപ്പെട്ടു. വോട്ടർ പട്ടിക ശുദ്ധീകരണ പ്രക്രിയയുടെ ഭാഗമായി ന്യൂനപക്ഷങ്ങളുൾപ്പടെ കോടിക്കണക്കിന് മനുഷ്യരെ വോട്ടർ പട്ടികയിൽ നിന്ന് വെട്ടിമാറ്റിയ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ തൽസ്ഥാനത്ത് നിന്ന് നീക്കണെമെന്നും രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ അട്ടിമറിക്കുന്ന നീക്കം അംഗീകരിക്കാൻ കഴിയില്ലെന്നും തങ്ങൾ കൂട്ടിച്ചർത്തു.
വരുന്ന ലോകസഭ തെരഞ്ഞെടുപ്പിൽ സംഘപരിവാർ ശക്തികളിൽ നിന്ന് രാജ്യത്തെ മോചിപ്പിക്കാൻ മതേതര ഇന്ത്യ ഒരുമിച്ചു നിൽക്കണമെന്ന് നേതൃസംഗമത്തിൽ മുഖ്യ പ്രഭാഷണം നിർവഹിച്ച വി കെ ശ്രീകണ്ഠൻ എം പി ആവശ്യപ്പെട്ടു. ഹൃസ്വ സന്ദർശനാർത്ഥം റിയാദിലെത്തിയതായിരുന്നു അദ്ദേഹം. കേരളത്തിൽ കഴിഞ്ഞ പത്ത് കൊല്ലത്തെ ഇടതു ഭരണത്തിൽ പൊറുതിമുട്ടിയ ജനം യു ഡി എഫിന് നൽകിയ തകർപ്പൻ വിജയം ശരിവെക്കുന്ന രീതിയിലാണ് സംസ്ഥാന സർക്കാർ മുന്നോട്ട് പോകുന്നത്. ഒരുകാലത്തും ഇല്ലാത്ത വിധം എല്ലാ വിഭാഗം ജനങ്ങളെയും ചേർത്ത് നിർത്തുവാൻ ഇക്കഴിഞ്ഞ ഓണകാലത്ത് സർക്കാറിന് കഴിഞ്ഞിട്ടുണ്ട്. വികസന രംഗത്ത് മികച്ച നേട്ടങ്ങൾ കൈവരിക്കാൻ യു ഡി എഫ് സർക്കാറിന് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘സംഘടനാ പ്രവർത്തനത്തിന്റെ രീതിശാസ്ത്രം’ എന്ന വിഷയത്തിൽ സെൻട്രൽ കമ്മിറ്റി ആക്റ്റിംഗ് സെക്രട്ടറി ഷാഫി മാസ്റ്റർ തുവ്വൂർ ക്ലാസെടുത്തു. സയ്യിദ് അഷ്റഫ് തങ്ങൾ ചെട്ടിപ്പടി, പീസ് വാലി ഡയറക്ടർ അബൂബക്കർ ഹാജി കോതമംഗലം, യു പി മുസ്തഫ, ഷൗക്കത്ത് കടമ്പോട്ട്, കെ കെ കോയാമു ഹാജി, മുഹമ്മദ് വേങ്ങര, മൊയ്തീൻ കുട്ടി തെന്നല, ജലീൽ തിരൂർ, റഫീഖ് മഞ്ചേരി, ഷമീർ പറമ്പത്ത്, നജീബ് നെല്ലാങ്കണ്ടി, ഷംസു പെരുമ്പട്ട, മൊയ്തീൻ കുട്ടി പൊന്മള എന്നിവർ പ്രസംഗിച്ചു. ഓർഗനൈസിംഗ് സെക്രട്ടറി സത്താർ താമരത്ത് സ്വാഗതം പറഞ്ഞു.
സെൻട്രൽ കമ്മിറ്റി സെക്രട്ടറിയേറ്റംഗങ്ങൾ, ജില്ലാ കമ്മിറ്റി ഭാരവാഹികൾ, ഏരിയ, നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡന്റ്, ജനറൽ സെക്രട്ടറി എന്നിവരാണ് സംഗമത്തിൽ പങ്കെടുത്തത്.
