കണ്ണൂര്‍- ‘‘മകനേ, ചാനലുകള്‍ എന്ന പുലിക്കൂട്ടില്‍ സ്വന്തം അപ്പനെ ഇങ്ങനെ ഒരു ആഹാരമായി വിട്ടുകൊടുക്കരുത്. വളരെ ക്രൂരമാണത്”- മലയാള വാര്‍ത്താ ചാനലുകളിലൂടെ വിദ്വേഷവും വെറുപ്പും നിറഞ്ഞ പ്രസ്താവനകളുമായി എത്തുന്ന ബി.ജെ.പി നേതാവ് പി സി ജോര്‍ജിന്റെ മകനോട് അഭ്യര്‍ത്ഥനയുമായി എത്തിയത് മലയാളത്തിലെ പ്രമുഖ എഴുത്തുകാരന്‍ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്. ഒപ്പം മാധ്യമപ്രവര്‍ത്തകരോട് വെറുപ്പുത്പാദനമാണോ സാമൂഹ്യ ഐക്യമാണോ പത്രപ്രവര്‍ത്തകര്‍ ഉന്നംവെക്കേണ്ടതെന്നും അദ്ദേഹം ചോദിക്കുന്നു. ഒരു പൊതു പ്രവര്‍ത്തകന്‍ എന്ന നിലയ്ക്ക് പിസി ജോര്‍ജിന്റെ മകന്റെ ഭാവിയും അപ്പന്റെ പ്രവൃത്തി കാരണം നാള്‍ക്കുനാള്‍ ഇരുളടഞ്ഞ് പണ്ടാരമടക്കിക്കൊണ്ടിരിക്കുകയാണ് എന്നും ഒരു പക്ഷേ, നാളെ സമൂഹത്തിന് ഉപകാരപ്പെടേണ്ട വ്യക്തിയാണ് താങ്കള്‍ എന്നും ഫെയിസ്ബുക് പോസ്റ്റിലൂടെ ശിഹാബുദ്ദീന്‍ മകനോട് വ്യക്തമാക്കുന്നു.
ഫെയിസ്ബുക് പോസ്റ്റ് ഇങ്ങനെ:
”പി.സി.ജോര്‍ജിനെപ്പോലുള്ള ഒരാളുടെ മുന്നിലേക്ക് മൈക്കും പിടിച്ചോടുന്ന ദാരുണ ജീവിതത്തില്‍ നിന്നും പാവം ദൃശ്യമാധ്യമ തൊഴിലാളികള്‍ക്ക് ചാനല്‍ മുതലാളിമാര്‍ ഇനിയെങ്കിലും വിടുതല്‍ നല്‍കണം. വെറുപ്പുത്പാദനമാണോ സാമൂഹ്യ ഐക്യമാണോ പത്രപ്രവര്‍ത്തകര്‍ ആത്യന്തികമായി ഉന്നം വെക്കേണ്ടത് എന്ന ഒരു ചോദ്യം തന്നെ അതീവ ലജ്ജാകരമാണ്. സത്യം പറഞ്ഞാല്‍, പി.സി യോട് വല്ലാതെ സഹതാപം തോന്നുന്നു. ഒരു മനുഷ്യനല്ലേ അദ്ദേഹം? താനൊരു ഭയങ്കര വേട്ടക്കാരനാണെന്ന് സ്വയം വിചാരിച്ച് ചാനല്‍ മൈക്കിന് മുന്നില്‍ ആവേശപൂര്‍വ്വം ചാടിവീഴുമ്പോള്‍ സത്യത്തില്‍ പി.സി ഒരു ഇരയായിത്തീരുകയാണ്.ഇക്കാര്യം അയാളെ ആര് പറഞ്ഞു മനസ്സിലാക്കും? ഇത്രയും കാലത്തെ പൊതുജീവിതകാലത്ത് എന്തെങ്കിലും ചില നല്ല കാര്യങ്ങളെങ്കിലും അദ്ദേഹം (സാമൂഹ്യ പ്രവര്‍ത്തനത്തിന്റെ മധുവിധു കാലത്തെങ്കിലും) ചെയ്ത് പോയിട്ടുണ്ടാവില്ലേ? ഉറപ്പായും ഉണ്ടാവും. അതിന്റെ പേരിലെങ്കിലും ചാനലുകാര്‍ ഇങ്ങനെ അദ്ദേഹത്തെ ആഹരിച്ചു തീര്‍ക്കുന്നതില്‍ നിന്ന് രക്ഷിക്കേണ്ടതല്ലേ?. ആരാണത് ചെയ്യുക ? ആര്‍ക്കാണത് ചെയ്യാനാവുക? കോടിക്കണക്കായ മനുഷ്യരില്‍ നിന്ന്, ഞാന്‍ അതിന്നായി തിരഞ്ഞെടുക്കുന്നത് ഒരേയൊരു വ്യക്തിയെയാണ്. അത് അദ്ദേഹത്തിന്റെ മകനെയാണ്. മകനേ, ചാനലുകള്‍ എന്ന പുലിക്കൂട്ടില്‍ സ്വന്തം അപ്പനെ ഇങ്ങനെ ഒരു ആഹാരമായി വിട്ടുകൊടുക്കരുത്. വളരെ ക്രൂരമാണത്. മാത്രമല്ല, ഒരു പൊതു പ്രവര്‍ത്തകന്‍ എന്ന നിലയ്ക്ക് താങ്കളുടെ ഭാവിയും അപ്പന്റെ പ്രവര്‍ത്തി കാരണം നാള്‍ക്കുനാള്‍ ഇരുളടഞ്ഞ് പണ്ടാരമടക്കിക്കൊണ്ടിരിക്കുകയാണ്. ഒരു പക്ഷേ, നാളെ സമൂഹത്തിന് ഉപകാരപ്പെടേണ്ട വ്യക്തിയാണ് താങ്കള്‍.
പി എസ്: മാഗസിന്‍ പത്രപ്രവര്‍ത്തന കാലത്ത് ശ്രീ.പി.സിയുമായി ദീര്‍ഘനേരം സ്‌നേഹസംഭാഷണം നടത്തിയിരുന്നു.
ഒരു പൊതു പ്രവര്‍ത്തകന്‍ എന്ന നിലയില്‍ എനിക്ക് അദ്ദേഹത്തെച്ചൊല്ലി വലിയ പ്രതീക്ഷകള്‍ ഉണ്ടായിരുന്നു.”
