ജിദ്ദ: ജിദ്ദയിലുള്ള മൂവാറ്റുപുഴക്കാരുടെയും പരിസര പ്രദേശവാസികളുടെയും സൗഹൃദവും പരസ്പര സഹകരണവും ശക്തമാക്കുന്നതിനായി ‘മൂവാറ്റുപുഴ പ്രവാസി കൂട്ടായ്മ’ രൂപീകരിച്ചു. കൂട്ടായ്മയുടെ 2026–2027 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെയും യോഗത്തിൽ തെരഞ്ഞെടുത്തു. രൂപീകരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഓണവിരുന്നും ഗാനമേളയും ഉൾപ്പെടെയുള്ള വിവിധ കലാപരിപാടികൾ ശ്രദ്ധേയമായി.
പ്രവാസ ജീവിതത്തിന്റെ തിരക്കുകൾക്കിടയിലും നാട്ടിലെ ഓണ ഓർമ്മകൾ പങ്കുവെച്ച്, ഒരുമയുടെ സന്ദേശമുയർത്തിയ ആഘോഷ പരിപാടികളിൽ കൂട്ടായ്മയിലെ അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്തു.
അനസ് ബാവയുടെ സ്വാഗതപ്രസംഗത്തോടെ ആരംഭിച്ച ചടങ്ങിൽ എം. എ. ഫൈസൽ അബൂബക്കർ അധ്യക്ഷത വഹിച്ചു. ജബ്ബാർ കാവാട്ട്, ജാബിർ മടിയൂർ, ഫിറോസ് മുളവൂർ, സജിൻ അലി കാവാട്ട്, സഫറുള്ള നെല്ലിക്കുഴി എന്നിവർ ആശംസകൾ നേർന്നു. നാസർ നെല്ലിക്കുഴി നന്ദി രേഖപ്പെടുത്തി. നൂഹ് ബീമാപ്പള്ളിയും രമ്യ ബ്രൂസും ചേർന്നവതരിപ്പിച്ച ഗാനമേള ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. തുടർന്ന് വിഭവസമൃദ്ധമായ ഓണവിരുന്നും ഉണ്ടായിരുന്നു.
പുതിയ ഭാരവാഹികൾ:
- രക്ഷാധികാരി: ജബ്ബാർ കാവാട്ട്
- പ്രസിഡന്റ്: എം. എ. ഫൈസൽ അബൂബക്കർ
- വൈസ് പ്രസിഡന്റുമാർ: സജിൻ അലി കാവാട്ട്, സിദ്ധിക്ക് മരങ്ങാട്ട്
- ജനറൽ സെക്രട്ടറി: ഷൈറജ് പുല്ലാന്തി കുഴുമ്പിൽ
- ജോയിന്റ് സെക്രട്ടറിമാർ: സിയാദ് ചെളികണ്ടത്തിൽ, ഫിറോസ് മുളവൂർ
- ട്രഷറർ: നാസർ നെല്ലിക്കുഴി
- എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ: ജാബിർ മടിയൂർ, സഫറുള്ള നെല്ലിക്കുഴി, അനസ് ബാവ, മൈതീൻ ഇ. എം., അജിലാൻ എ. റഹീം, മൊയ്തീൻ പുഞ്ചേരി, അൻഫൽ ബഷീർ അടൂപറമ്പ്.
ജിദ്ദയിലെ മൂവാറ്റുപുഴ പ്രവാസികൾക്കിടയിൽ സൗഹൃദവും ജീവകാരുണ്യ സാമൂഹിക പ്രവർത്തനങ്ങളും കൂടുതൽ വിപുലീകരിക്കുന്നതിന് പുതിയ നേതൃത്വം മുൻഗണന നൽകുമെന്ന് ഭാരവാഹികൾ വ്യക്തമാക്കി.







