ന്യൂയോര്‍ക്ക് – അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ എ, ബി മേഖലകളിൽ ഇസ്രായിൽ സുരക്ഷാ മന്ത്രിസഭ എടുത്ത പുതിയ തീരുമാനങ്ങളിൽ ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് കടുത്ത ആശങ്ക പ്രകടിപ്പിച്ചു. വെസ്റ്റ് ബാങ്കിലെ ഭരണപരമായ നിയന്ത്രണങ്ങൾ ഏറ്റെടുക്കാനുള്ള ഇസ്രായിലിന്റെ ഈ നീക്കം, ഇസ്രായിലും ഫലസ്തീനും രണ്ട് സ്വതന്ത്ര രാഷ്ട്രങ്ങളായി കഴിയുക എന്ന ‘ദ്വിരാഷ്ട്ര പരിഹാര’ സാധ്യതകളെ പൂർണ്ണമായും തകർക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമായ ഇത്തരമൊരു നടപടി മേഖലയെ കൂടുതൽ അസ്ഥിരപ്പെടുത്തുമെന്നും, അന്താരാഷ്ട്ര നീതിന്യായ കോടതി വിധിച്ചതുപോലെ ഇത് നിയമവിരുദ്ധമാണെന്നും അദ്ദേഹം പ്രസ്താവനയിൽ വ്യക്തമാക്കി. കിഴക്കൻ ജറൂസലം ഉൾപ്പെടെയുള്ള വെസ്റ്റ് ബാങ്കിലെ ഇസ്രായിലി കുടിയേറ്റങ്ങൾക്കും അവയുടെ ഭരണസംവിധാനങ്ങൾക്കും നിയമസാധുതയില്ലെന്നും അത്തരം നടപടികൾ ഇസ്രായിൽ പിൻവലിക്കണമെന്നും യു.എൻ ആവശ്യപ്പെട്ടു.
വെസ്റ്റ് ബാങ്കിലെ ഭൂമി രജിസ്‌ട്രേഷനിലും ഉടമസ്ഥാവകാശത്തിലും വരുത്തിയ മാറ്റങ്ങൾ വഴി ഫലസ്തീനികളുടെ വീടുകൾ പൊളിച്ചുമാറ്റാൻ ഇസ്രായിലിന് ഇനി എളുപ്പത്തിൽ സാധിക്കുമെന്ന് ഇസ്രായിലി വാർത്താ സൈറ്റായ വൈനെറ്റ് റിപ്പോർട്ട് ചെയ്തു. ഇത് ജൂതകുടിയേറ്റ പ്രവർത്തനങ്ങൾ വെസ്റ്റ് ബാങ്കിലുടനീളം വ്യാപിക്കാൻ കാരണമാകും. ഇസ്രായിൽ സർക്കാരിന്റെ ഈ നീക്കങ്ങൾ അപകടകരമാണെന്നും, ഫലസ്തീൻ ജനതയെ ആ പ്രദേശങ്ങളിൽ നിന്ന് കുടിയിറക്കി ഭൂമി പിടിച്ചെടുക്കാനുള്ള പദ്ധതിയുടെ ഭാഗമാണെന്നും ഫലസ്തീൻ അതോറിറ്റി വിശേഷിപ്പിച്ചു.
അതേസമയം, വെസ്റ്റ് ബാങ്കിനെ ഇസ്രായിലിൽ കൂട്ടിച്ചേർക്കുന്നതിനെ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എതിർക്കുന്നതായി വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. വെസ്റ്റ് ബാങ്കിലെ സ്ഥിരത ഇസ്രായിലിന്റെ സുരക്ഷയ്ക്കും സമാധാനത്തിനും അത്യാവശ്യമാണെന്നാണ് അമേരിക്കയുടെ നിലപാട്. സൗദി അറേബ്യ, യു.എ.ഇ, ഖത്തർ, ഈജിപ്ത്, തുർക്കി തുടങ്ങിയ ഒട്ടുമിക്ക അറബ്-ഇസ്‌ലാമിക രാജ്യങ്ങളും ഇസ്രായിലിന്റെ നടപടികളെ ശക്തമായി അപലപിച്ചു. അധിനിവിഷ്ട ഫലസ്തീൻ പ്രദേശത്തിനുമേൽ ഇസ്രായിലിന് യാതൊരു പരമാധികാരവുമില്ലെന്ന് സംയുക്ത പ്രസ്താവനയിലൂടെ ഈ രാജ്യങ്ങൾ ഓർമ്മിപ്പിച്ചു. ജോർദാൻ രാജാവ് അബ്ദുല്ല രണ്ടാമനും ഫലസ്തീൻ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസും ഈ നിയമവിരുദ്ധ നീക്കങ്ങൾക്കെതിരെ ലോകരാജ്യങ്ങളുടെ ശ്രദ്ധ ക്ഷണിക്കുകയും ചെയ്തു.



