ഗാസ – ഗാസ മുനമ്പിലെ വിവിധ പ്രദേശങ്ങളില്‍ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണങ്ങളിലും വെടിവെപ്പുകളിലും പത്ത് ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി സിവില്‍ ഡിഫന്‍സും മെഡിക്കല്‍ വൃത്തങ്ങളും അറിയിച്ചു. ഗാസ സിറ്റിയുടെ പടിഞ്ഞാറുള്ള അല്‍ശാത്തി അഭയാര്‍ഥി ക്യാമ്പിലെ വൈദ്യുതി ജനറേറ്ററുകള്‍ക്ക് സമീപമുള്ള വെയര്‍ഹൗസുകള്‍ ലക്ഷ്യമിട്ട് ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും ഏതാനും പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗാസ സിവില്‍ ഡിഫന്‍സ് വക്താവ് മഹ്‌മൂദ് ബസല്‍ എ.എഫ്.പിയോട് പറഞ്ഞു. ഈ ആക്രമണത്തില്‍ മരണസംഖ്യ പിന്നീട് അഞ്ചായി ഉയര്‍ന്നുതായും 11 പേര്‍ക്ക് പരിക്കേറ്റതായും പടിഞ്ഞാറന്‍ ഗാസ സിറ്റിയിലെ അല്‍ശിഫ ആശുപത്രിയും സിവില്‍ ഡിഫന്‍സും പുറത്തിറക്കിയ പ്രത്യേക പ്രസ്താവനകള്‍ പിന്നീട് സ്ഥിരീകരിച്ചതായി സിവില്‍ ഡിഫന്‍സ് വക്താവ് പറഞ്ഞു.
ഗാസ സിറ്റിയുടെ വടക്കുകിഴക്ക് തുഫാഹ് ഡിസ്ട്രിക്ടില്‍ പോലീസ് വാഹനം ലക്ഷ്യമിട്ട് നടത്തിയ ഇസ്രായിലി ഡ്രോണ്‍ ആക്രമണത്തില്‍ മൂന്ന് വയസ്സുള്ള കുട്ടി ഉള്‍പ്പെടെ നാല് പേര്‍ കൊല്ലപ്പെട്ടതായും ഏതാനും പേര്‍ക്ക് പരിക്കേറ്റതായും മഹ്‌മൂദ് ബസല്‍ റിപ്പോര്‍ട്ട് ചെയ്തു. സൈനിക നടപടികളില്‍ കനത്ത നാശനഷ്ടമുണ്ടായ പ്രദേശത്തെ പ്രധാന റോഡില്‍ ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന സ്റ്റാളുകള്‍ക്ക് സമീപമാണ് വ്യോമാക്രമണം നടന്നത്. ആള്‍ക്കൂട്ടത്തിനു നേരെ ഡ്രോണ്‍ മിസൈല്‍ തൊടുത്തുവിടുകയായിരുന്നു. വടക്കന്‍ ഗാസ മുനമ്പിലെ ബെയ്ത്ത് ലാഹിയ ഗ്രാമത്തില്‍ ഇസ്രായില്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ ഒരു ഫലസ്തീന്‍കാരന്‍ കൊല്ലപ്പെട്ടതായി പ്രാദേശിക വൃത്തങ്ങള്‍ അറിയിച്ചു.
ഒക്ടോബര്‍ 10 ന് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതു മുതല്‍ ഇസ്രായില്‍ ആക്രമണങ്ങളും വെടിനിര്‍ത്തല്‍ ലംഘനങ്ങളും തുടരുകയാണെന്ന് മഹ്‌മൂദ് ബസല്‍ പറഞ്ഞു. ഈജിപ്തിലെയും മറ്റു വിദേശ രാജ്യങ്ങളിലെയും ആശുപത്രികളില്‍ ചികിത്സക്കായി യാത്ര ചെയ്യാന്‍ കഴിയാത്തതിനാല്‍ പരിക്കേറ്റവരും രോഗികളുമായ ആയിരക്കണക്കിന് പലസ്തീനികളുടെ ജീവന്‍ നഷ്ടപ്പെടാനോ ശാരീരിക വൈകല്യം നേരിടാനോ സാധ്യതയുണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഗാസ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് വെടിനിര്‍ത്തല്‍ ആരംഭിച്ചതിനു ശേഷം കുറഞ്ഞത് 757 ഫലസ്തീനികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്.



