ഗാസ സിറ്റി- ഹമാസിന്റെ സൈനിക വിഭാഗം കമാൻഡർ ഇസ്സുദ്ദീൻ അൽഹദ്ദാദ് ഉൾപ്പെടെ ഏഴുപേർ ഗാസയിലുണ്ടായ ഇസ്രായിൽ വ്യോമാക്രമണങ്ങളിൽ കൊല്ലപ്പെട്ടു. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, പ്രതിരോധ മന്ത്രി യിസ്രായേൽ കാറ്റ്സ് എന്നിവരുടെ നിർദ്ദേശപ്രകാരമാണ് ആക്രമണം നടന്നതെന്ന് ഇസ്രായിൽ സൈന്യം അറിയിച്ചു. 2023 ഒക്ടോബർ 7-ന് ഇസ്രായിലിന് നേരെ നടന്ന ആക്രമണത്തിന്റെ പ്രധാന സൂത്രധാരന്മാരിൽ ഒരാളായിരുന്നു അൽഹദ്ദാദ്. ഗാസയെ ആയുധമുക്തമാക്കാൻ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവെച്ച കരാർ വ്യവസ്ഥകൾ അംഗീകരിക്കാൻ അൽഹദ്ദാദ് വിസമ്മതിച്ചിരുന്നതായും സൈന്യം വ്യക്തമാക്കി. അൽഹദ്ദാദിന്റെ മരണം ഇസ്രായിൽ പ്രതിരോധ മന്ത്രി സ്ഥിരീകരിച്ചിട്ടുണ്ട്.


2025 മേയിൽ മുഹമ്മദ് സിൻവാർ കൊല്ലപ്പെട്ടതിനെ തുടർന്നാണ് ഇസ്സുദ്ദീൻ അൽഹദ്ദാദ് ഹമാസിന്റെ സൈനിക കമാൻഡറായി ചുമതലയേറ്റത്. എന്നാൽ ഈ മരണവാർത്തയോട് ഹമാസ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. കൃത്യമായ ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഗാസയിലെ അൽരിമാൽ ഡിസ്ട്രിക്ടിലുള്ള അൽഹദ്ദാദിന്റെ അപ്പാർട്ട്‌മെന്റ് ലക്ഷ്യമിട്ട് ഇസ്രായിൽ ആക്രമണം നടത്തിയത്. അദ്ദേഹം രക്ഷപ്പെടാനുള്ള വഴികളും സൈന്യം മുൻകൂട്ടി തടഞ്ഞിരുന്നു. യുദ്ധവിമാനങ്ങളും ഡ്രോണുകളും പങ്കെടുത്ത ഈ ഓപ്പറേഷനിലൂടെ ഹമാസിന്റെ സൈനിക കൗൺസിലിലെ അവസാനത്തെ അംഗത്തെയും ഇല്ലാതാക്കിയതായി ഇസ്രായിലി ആർമി റേഡിയോ അവകാശപ്പെട്ടു. അൽഹദ്ദാദിനെ വധിക്കാനുള്ള അനുമതി പത്തുദിവസം മുമ്പേ നൽകിയിരുന്നതായും അനുയോജ്യമായ സാഹചര്യം ഒത്തുവന്നപ്പോഴാണ് ആക്രമണം നടത്തിയതെന്നും ഇസ്രായിൽ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഗാസയിലെ പോരാട്ടം അവസാനിപ്പിക്കാൻ അമേരിക്കയുടെ മധ്യസ്ഥതയിൽ ഒക്ടോബറിൽ കരാർ ഉണ്ടാക്കിയ ശേഷം ഇസ്രായിൽ വധിക്കുന്ന ഏറ്റവും മുതിർന്ന ഹമാസ് നേതാവാണ് ഇസ്സുദ്ദീൻ അൽഹദ്ദാദ്. ഗാസയിൽ ഹമാസ് വീണ്ടും പിടിമുറുക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇസ്രായിലിന്റെ ഈ പുതിയ നീക്കം. ഒരു റെസിഡൻഷ്യൽ കെട്ടിടവും കാറും ലക്ഷ്യമിട്ട് നടത്തിയ ഈ ആക്രമണങ്ങളിൽ മൂന്ന് സ്ത്രീകളും ഒരു കുട്ടിയും ഉൾപ്പെടെ ഏഴുപേർ കൊല്ലപ്പെട്ടതായി ഗാസയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആക്രമണത്തിൽ അമ്പതോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. മുന്നറിയിപ്പുകളൊന്നും നൽകാതെയാണ് ജനങ്ങൾ താമസിക്കുന്ന കെട്ടിടത്തിന് നേരെ ആക്രമണം നടത്തിയതെന്ന് ഗാസ സിവിൽ ഡിഫൻസ് വക്താവ് മഹ്‌മൂദ് ബസൽ പറഞ്ഞു. ഇറാനിലെ വ്യോമാക്രമണങ്ങൾ നിർത്തിവെച്ചതിന് ശേഷം കഴിഞ്ഞ അഞ്ച് ആഴ്ചകളായി ഇസ്രായിൽ ഗാസയിൽ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്.
രണ്ടു വർഷത്തെ കടുത്ത യുദ്ധത്തിന് ശേഷം കഴിഞ്ഞ ഒക്ടോബറിലാണ് ഇസ്രായിലും ഹമാസും തമ്മിൽ താൽക്കാലിക വെടിനിർത്തൽ കരാറിലെത്തിയത്. എങ്കിലും സൈന്യത്തെ പിൻവലിക്കുന്നതിലോ ഗാസയുടെ പുനർനിർമ്മാണത്തിലോ ശാശ്വതമായ ഒരു പരിഹാരത്തിൽ ഇരുവിഭാഗവും എത്തിച്ചേർന്നിട്ടില്ല. നിലവിൽ ഗാസയുടെ പകുതിയിലധികം പ്രദേശവും ഇസ്രായിൽ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. ഇവിടുത്തെ കെട്ടിടങ്ങളെല്ലാം തകർത്ത സൈന്യം ജനങ്ങളോട് ഒഴിഞ്ഞുപോകാൻ ഉത്തരവിട്ടിരിക്കുകയാണ്. നിലവിൽ ഇരുപത് ദശലക്ഷത്തിലധികം ആളുകൾ തകർന്ന കെട്ടിടങ്ങളിലും താൽക്കാലിക കൂടാരങ്ങളിലുമായാണ് കടുത്ത പ്രതിസന്ധിയിൽ കഴിയുന്നത്. ഒക്ടോബറിലെ വെടിനിർത്തലിന് ശേഷം മാത്രം ഇസ്രായിൽ നടത്തിയ ആക്രമണങ്ങളിൽ 850-ലധികം ഫലസ്തീനികൾ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതേ കാലയളവിൽ ഹമാസ് പോരാളികൾ നാല് ഇസ്രായിലി സൈനികരെയും വധിച്ചു. എന്നാൽ തങ്ങളുടെ ഭാഗത്തുണ്ടായ പോരാളികളുടെ മരണസംഖ്യ ഹമാസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.



