ജിദ്ദ – സൗദിയില്‍ പാചകവാതക വില ഉയര്‍ത്തിയതായി നാഷണല്‍ ഗ്യാസ് ആന്റ് ഇന്‍ഡസ്ട്രിയലൈസേഷന്‍ കമ്പനി (ഗ്യാസ്‌കോ) അറിയിച്ചു. വില കുത്തനെ ഉയര്‍ത്തിയത് പ്രവാസികളുടെ അടക്കം ജീവിതച്ചെലവ് ഉയരാന്‍ ഇടയാക്കും. പുതിയ വില ഇന്നു മുതല്‍ പ്രാബല്യത്തില്‍വന്നു. പുതുക്കിയ നിരക്കുകള്‍ പ്രകാരം 11 കിലോഗ്രാം സിലിണ്ടര്‍ റീഫില്‍ ചെയ്യാന്‍ 37 റിയാലും 5 കിലോഗ്രാം സിലിണ്ടറിന് 16.82 റിയാലും ഗ്യാസ് ടാങ്ക് റീഫില്‍ ചെയ്യാന്‍ ലിറ്ററിന് 1.69 റിയാലും ആണ് നല്‍കേണ്ടത്. മൂല്യവര്‍ധിത നികുതി (വാറ്റ്), ഗതാഗത ചെലവുകള്‍ എന്നിവ അടക്കമുള്ള വിലയാണിതെന്ന് കമ്പനി വ്യക്തമാക്കി.
ഇതുവരെ വാറ്റും ഗതാഗത ചെലവലും അടക്കം 11 കിലോഗ്രാം സിലിണ്ടര്‍ റീഫില്‍ ചെയ്യാന്‍ 26.23 റിയാലും 5 കിലോഗ്രാം സിലിണ്ടറിന് 11.93 റിയാലും സെന്‍ട്രല്‍ ടാങ്ക് ഫില്ലിംഗിന് ലിറ്ററിന് 1.1770 റിയാലുമായിരുന്നു നിരക്ക്. ഈ വര്‍ഷാദ്യം മുതല്‍ സൗദിയില്‍ എല്ലാ പ്രവിശ്യകളിലും പാചകവാതക വില ഗ്യാസ്‌കോ ഏകീകരിച്ചിരുന്നു. നേരത്തെ ഗ്യാസ് റീഫില്ലിംഗ് കേന്ദ്രങ്ങളില്‍ നിന്നുള്ള ദൂരവ്യത്യാസത്തിന് അനുസരിച്ച് വ്യത്യസ്ത പ്രവിശ്യകളില്‍ വിലകളില്‍ ഏറ്റക്കുറച്ചിലുണ്ടായിരുന്നു.



