ഗാസ -വടക്കൻ ഗാസയിലെ ബെയ്ത്ത് ലാഹിയയിൽ താൽക്കാലിക ടെന്റിൽ ഒരുക്കിയ ക്ലാസ് മുറിയിൽ പഠിച്ചുകൊണ്ടിരുന്ന സ്കൂൾ വിദ്യാർത്ഥിനിയെ ഇസ്രായേൽ സൈന്യം വെടിവെച്ച് കൊലപ്പെടുത്തി. അബൂഉബൈദ ബിൻ അൽജറാഹ് സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയായ റിതാജ് അബ്ദുറഊഫ് റൈഹാൻ ആണ് ക്രൂരമായി കൊല്ലപ്പെട്ടത്. സഹപാഠികളുടെ കൺമുന്നിൽ വെച്ചുണ്ടായ ഈ സംഭവം കുട്ടികൾക്ക് കടുത്ത മാനസികാഘാതം ഉണ്ടാക്കിയതായി ഗാസ വിദ്യാഭ്യാസ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. ഇതിനു പിന്നാലെ വടക്കൻ, തെക്കൻ ഗാസകളിൽ നടന്ന മറ്റ് രണ്ട് വ്യോമാക്രമണങ്ങളിലായി മൂന്ന് ഫലസ്തീനികൾ കൂടി കൊല്ലപ്പെട്ടതോടെ മരണസംഖ്യ നാലായി. വടക്കൻ ഗാസയിലെ ജബാലിയയിലും തെക്കൻ ഗാസയിലെ ഖാൻ യൂനിസിലുമാണ് ഈ ആക്രമണങ്ങൾ നടന്നത്.
കഴിഞ്ഞ ഒക്ടോബർ മുതൽ വെടിനിർത്തൽ കരാർ നിലവിലുണ്ടെങ്കിലും ഗാസ മുനമ്പിന്റെ പകുതിയിലധികം ഭാഗവും ഇപ്പോഴും ഇസ്രായേൽ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. സൈനിക നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലെ കെട്ടിടങ്ങളെല്ലാം തകർക്കപ്പെട്ടതോടെ അവിടുത്തെ താമസക്കാർ പലായനം ചെയ്യാൻ നിർബന്ധിതരായി. ഗാസയിലെ 20 ലക്ഷത്തിലധികം വരുന്ന ജനങ്ങളിൽ ഭൂരിഭാഗവും ഇപ്പോൾ ഗാസയുടെ മൂന്നിലൊന്ന് ഭാഗത്ത് മാത്രമായി ഒതുങ്ങിക്കൂടിയിരിക്കുകയാണ്. തകർന്നു വീഴാറായ കെട്ടിടങ്ങളിലും താൽക്കാലിക ടെന്റുകളിലുമായി കഴിയുന്ന ഇവർ ഹമാസ് ഭരണകൂടത്തിന് കീഴിലാണ് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്.
യുദ്ധത്തിൽ സ്കൂളുകൾ വ്യാപകമായി തകർക്കപ്പെട്ടെങ്കിലും വിദ്യാഭ്യാസം മുടങ്ങാതിരിക്കാൻ പലയിടങ്ങളിലും സന്നദ്ധ അധ്യാപകർ ടെന്റുകളിൽ ക്ലാസുകൾ നടത്തുന്നുണ്ട്. എന്നാൽ വിഭവങ്ങളുടെ കുറവും മോശം കാലാവസ്ഥയും സുരക്ഷാ ഭീഷണിയും ഇത്തരം ക്ലാസ് മുറികൾക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. ഒക്ടോബറിൽ വെടിനിർത്തൽ നിലവിൽ വന്നതിന് ശേഷം മാത്രം ഗാസയിൽ 700-ലധികം ഫലസ്തീനികൾ കൊല്ലപ്പെട്ടു. 2023 ഒക്ടോബറിൽ യുദ്ധം ആരംഭിച്ചത് മുതൽ ഇതുവരെ ഗാസയിൽ മരിച്ചവരുടെ എണ്ണം 72,000 കടന്നതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.



