ബഗ്ദാദ് – ഇറാഖ് തീരത്ത് രണ്ട് എണ്ണ ടാങ്കറുകൾക്ക് നേരെ നടന്ന ആക്രമണത്തിൽ ഒരു ജീവനക്കാരൻ മരിച്ചതായി അധികൃതർ സ്ഥിരീകരിച്ചു. കപ്പലിലുണ്ടായിരുന്ന 38 പേരെ രക്ഷപ്പെടുത്തിയെങ്കിലും, കാണാതായ മറ്റുള്ളവർക്കായി തിരച്ചിൽ തുടരുകയാണ്. ഇറാഖിലെ തുറമുഖ കമ്പനി ഡയറക്ടർ ജനറലായ ഫർഹാൻ അൽഫർത്തൂസിയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. കപ്പലുകളിൽ എങ്ങനെയാണ് സ്ഫോടനമുണ്ടായതെന്ന് ഇപ്പോൾ വ്യക്തമല്ല. കപ്പലിൽ നിന്ന് വലിയ തീഗോളങ്ങളും പുകയും ഉയരുന്ന ദൃശ്യങ്ങൾ ഇറാഖിലെ വാർത്താ ചാനലുകൾ പുറത്തുവിട്ടിട്ടുണ്ട്.
മിഡിൽ ഈസ്റ്റിൽ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിലാണ് രാജ്യത്തിന്റെ തെക്കൻ തീരത്തുവെച്ച് വിദേശ ടാങ്കറുകൾക്ക് നേരെ ഈ ആക്രമണം നടന്നത്. ഇറാഖിലെ യു.എസ് എണ്ണ കേന്ദ്രങ്ങൾക്ക് നേരെ ഇറാനും ഇറാഖിലെ സായുധ ഗ്രൂപ്പുകളും ആക്രമണത്തിന് പദ്ധതിയിടുന്നതായി യു.എസ് എംബസി നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് കപ്പലുകളിൽ സ്ഫോടനവും വലിയ തീപ്പിടുത്തവും ഉണ്ടായത്. നിലവിൽ രക്ഷപ്പെട്ടവർക്ക് ആവശ്യമായ സഹായങ്ങൾ അധികൃതർ ഉറപ്പാക്കുന്നുണ്ട്.



