മലപ്പുറം: കാണാതായ മലപ്പുറം ചേലേമ്പ്ര പുല്ലിപ്പറമ്പ് പാറയിൽ സ്വദേശിയും പ്രമുഖ വ്ലോഗറുമായ മുഹമ്മദ് ദിൽഷാദിനെ കണ്ടെത്തി. മേഘാലയയിലെ വനമേഖലയോട് ചേർന്ന ഭാഗത്തുണ്ടായ ബൈക്ക് അപകടത്തെ തുടർന്ന് അവിടെയുള്ള ആശുപത്രിയിൽ ചികിത്സയിലാണ് ദിൽഷാദ്. ഇദ്ദേഹം നിലവിൽ സുരക്ഷിതനാണെന്ന് വിവരം ലഭിച്ചിട്ടുണ്ട്.
യാത്രാ വ്ലോഗുകളിലൂടെ ശ്രദ്ധേയനായ ദിൽഷാദിന്റെ യൂട്യൂബ് ചാനലാണ് ‘യാത്ര ടുഡേ’. നിരവധിയാളുകൾ പിന്തുടരുന്ന ഈ ചാനലിന്റെ ഭാഗമായി വിവിധ രാജ്യങ്ങളിലും സംസ്ഥാങ്ങളിലുമായി ദിൽഷാദ് തുടർച്ചയായി യാത്രകൾ നടത്താറുണ്ട്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ജൂൺ 6-നാണ് അദ്ദേഹം വീട്ടിൽ നിന്ന് ഇറങ്ങിയത്.
എന്നാൽ കഴിഞ്ഞ നാല് ദിവസമായി ദിൽഷാദിനെ കുറിച്ച് യാതൊരു വിവരവും ലഭിക്കാത്തതിനെ തുടർന്ന് കുടുംബം തേഞ്ഞിപ്പലം പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മേഘാലയയിൽ വെച്ച് അപകടത്തിൽപ്പെട്ട വിവരവും ആശുപത്രിയിലെ ചികിത്സാ വിവരങ്ങളും പുറത്തുവരുന്നത്. ആരോഗ്യനില മെച്ചപ്പെടുന്ന മുറയ്ക്ക് അദ്ദേഹത്തെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്.





