കോഴിക്കോട്: നീണ്ട 23 വർഷത്തെ ഇടവേളയ്ക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളജ് യൂണിയൻ ഭരണം തിരിച്ചുപിടിച്ച് എസ്എഫ്ഐ. ആകെ ലഭ്യമായ 16 സീറ്റുകളിൽ 13 എണ്ണത്തിലും ഉജ്ജ്വല വിജയം നേടിയാണ് എസ്എഫ്ഐ ക്യാമ്പസിൽ ചുവപ്പുകൊടി പാറിച്ചത്.
മുൻ മന്ത്രിയും എംഎൽഎയുമായ ഡോ. കെ.ടി. ജലീലിന്റെ മകൾ ഡോ. സുമയ്യ ബീഗം പിജി വിഭാഗം യുയുസി (യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ) ആയി തിരഞ്ഞെടുക്കപ്പെട്ടു. അതേസമയം, ശക്തമായ മത്സരം കാഴ്ചവെച്ച ഇൻഡിപെൻഡൻസ് മുന്നണി ചെയർമാൻ, ലേഡി വൈസ് ചെയർമാൻ സ്ഥാനങ്ങൾ സ്വന്തമാക്കി.
രണ്ട് പതിറ്റാണ്ടിലേറെയായി എസ്എഫ്ഐക്ക് ഭരണം നഷ്ടപ്പെട്ടിരുന്ന ക്യാമ്പസിൽ, വൻ ഭൂരിപക്ഷത്തോടെയുള്ള ഈ തിരിച്ചുവരവ് സംഘടനയ്ക്ക് രാഷ്ട്രീയമായി വലിയ നേട്ടമാണ് സമ്മാനിച്ചിരിക്കുന്നത്. വോട്ടെണ്ണൽ പൂർത്തിയായതോടെ വലിയ ആഹ്ലാദപ്രകടനങ്ങളാണ് ക്യാമ്പസിനകത്തും പുറത്തും വിദ്യാർത്ഥികൾ നടത്തിയത്.



