റിയാദ്: എറണാകുളം ആലുവ തൈക്കാട്ടുകര സ്വദേശി കരക്കയിൽ തഫ്സീർ (39) റിയാദിൽ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് പ്രിൻസ് അബ്ദുള്ള ബിൻ അബ്ദുൽ അസീസ് ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. കഴിഞ്ഞ രണ്ട് വർഷമായി റിയാദിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു.
ശാരീരിക അസ്വസ്ഥതകളെ തുടർന്ന് അഞ്ച് ദിവസം മുൻപ് താമസസ്ഥലത്തിനടുത്തുള്ള ക്ലിനിക്കിൽ ഇദ്ദേഹം ചികിത്സ തേടിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം വീണ്ടും ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതിനെ തുടർന്ന് സ്പോൺസർ റെഡ് ക്രെസന്റുമായി ബന്ധപ്പെടുകയും പ്രിൻസ് അബ്ദുള്ള ബിൻ അബ്ദുൽ അസീസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. യൂസുഫ് ഖാൻ ആണ് പിതാവ്, മാതാവ്: താഹിറ.
മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങളുമായി റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് ചിങ്ങത്ത്, റിയാദ് എറണാകുളം ജില്ലാ കെ.എം.സി.സി പ്രസിഡന്റ് ഉസ്മാൻ പരീദ്, ജനറൽ സെക്രട്ടറി മുജീബ് മൂലയിൽ എന്നിവരുടെ നേതൃത്വത്തിൽ ഹാഷിം തോട്ടത്തിൽ, ജാഫർ വീമ്പൂർ, നസീർ കണ്ണീരി, വലീദ് ഖാൻ, സുഹൃത്ത് ഹാഷിം ആലപ്പുഴ എന്നിവർ രംഗത്തുണ്ട്.



