ന്യൂഡൽഹി- സിഎംആർഎൽ–എക്സാലോജിക് മാസപ്പടി ഇടപാടുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മകൾ ടി. വീണ, പി.എ. മുഹമ്മദ് റിയാസ് എം എൽ എ എന്നിവർക്കെതിരെയുള്ള വിജിലൻസ് അന്വേഷണത്തിന്റെ തുടർനടപടികൾ സുപ്രീം കോടതി തടഞ്ഞു. കേസിൽ അന്വേഷണ നടപടികൾ സ്റ്റേ ചെയ്ത ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ പ്രത്യേക ബെഞ്ച്, ഹർജി വീണ്ടും പരിഗണിക്കാനായി കേരള ഹൈക്കോടതിയിലേക്ക് തിരിച്ചയച്ചു.
ഹൈക്കോടതി നടപടികൾക്കെതിരെയും സംസ്ഥാന സർക്കാരിനെതിരെയും അതിരൂക്ഷമായ വിമർശനങ്ങളാണ് സുപ്രീം കോടതി ഉന്നയിച്ചത്. ഹൈക്കോടതിയിൽ അപ്പീൽ കൃത്യമായി പരിഗണിക്കാതിരുന്നതിനെ ബെഞ്ച് ചോദ്യം ചെയ്തു. ആരോപണവിധേയരായ കക്ഷികളുടെ വാദം കേൾക്കാതെ എന്തിനാണ് ഹർജി തിടുക്കപ്പെട്ട് തള്ളിയതെന്ന് ഹൈക്കോടതിയോട് സുപ്രീം കോടതി ചോദിച്ചു. സ്വാഭാവിക നീതിയുടെ ലംഘനമാണ് അവിടെ നടന്നതെന്നും ആരോപണവിധേയർക്ക് പറയാനുള്ളത് കേൾക്കാനുള്ള ബാധ്യത കോടതികൾക്കുണ്ടെന്നും ബെഞ്ച് നിരീക്ഷിച്ചു.
നിലവിൽ റജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിലോ ഇ.ഡി കേസിലോ നിലവിൽ ഇടപെടുന്നില്ലെന്ന് വ്യക്തമാക്കിയ കോടതി, വിജിലൻസ് അന്വേഷണത്തിൽ മാത്രം ഇടപെട്ട് തുടർനടപടികൾ സ്റ്റേ ചെയ്യുകയായിരുന്നു. ഹൈക്കോടതി ഉത്തരവ് വന്നയുടൻ ഒറ്റ ദിവസം കൊണ്ട് തിടുക്കപ്പെട്ട് എഫ്.ഐ.ആർ റജിസ്റ്റർ ചെയ്ത വിജിലൻസിന്റെയും സംസ്ഥാന സർക്കാരിന്റെയും നടപടിയെയും സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചു. എന്തിനാണ് വിഷയത്തിൽ ഇത്രയും തിടുക്കം കാട്ടിയതെന്നും കോടതി ചോദിച്ചു.







