തെഹ്റാൻ– അധിനിവേശത്തിനും വിദേശ സമ്മർദ്ദങ്ങൾക്കും മുന്നിൽ ഇറാൻ ഒരിക്കലും വഴങ്ങില്ലെന്ന് പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ. ഭൂമി വിട്ടുകൊടുക്കുന്നതിനേക്കാൾ കഷ്ടപ്പാടുകൾ സഹിക്കാൻ രാജ്യം തയ്യാറാണെന്ന്, ഇറാന്റെ ഭരണഘടനാ വിപ്ലവ നായകൻ സത്താർ ഖാന്റെ വാചകങ്ങൾ ഉദ്ധരിച്ച് അദ്ദേഹം എക്സിലൂടെ വ്യക്തമാക്കി. “ഞങ്ങൾ മണ്ണ് തിന്നു ജീവിക്കും, പക്ഷേ ഭൂമി വിട്ടുകൊടുക്കില്ല” എന്ന് പെസെഷ്കിയാൻ കുറിച്ചു.
അമേരിക്കയുമായും ഇസ്രായേലുമായും സംഘർഷം നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഇറാൻ പ്രസിഡന്റിന്റെ ശക്തമായ പ്രതികരണം. ഭീഷണികളിലൂടെയോ ഉപരോധങ്ങളിലൂടെയോ ഇറാന്റെ മേൽ തങ്ങളുടെ ആവശ്യങ്ങൾ അടിച്ചേൽപ്പിക്കാനാകില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ചർച്ചകൾക്ക് നിബന്ധനകളുമായി ഇറാൻ
ഹോർമുസ് കടലിടുക്കിലെ പ്രശ്നങ്ങൾ ഉൾപ്പെടെ മേഖലയിലെ പ്രതിസന്ധികൾക്ക് കാരണം അമേരിക്കയാണെന്ന് പാകിസ്ഥാൻ സൈനിക മേധാവി ഫീൽഡ് മാർഷൽ ആസിം മുനീറുമായുള്ള കൂടിക്കാഴ്ചയിൽ പെസെഷ്കിയാൻ ആരോപിച്ചു. ചർച്ചകൾക്ക് മുന്നോടിയായി ഇറാന് മേലുള്ള ഉപരോധങ്ങളും ഭീഷണികളും യു.എസ് പിൻവലിക്കണം.
പാകിസ്ഥാൻ, ഖത്തർ എന്നിവർ വഴി പരോക്ഷ ചർച്ചകൾ നടക്കുന്നുണ്ടെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ജി അറിയിച്ചു. യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ മുന്നോട്ടുവെച്ച ഏഴ് കാര്യങ്ങളടങ്ങിയ പദ്ധതി അമേരിക്ക അംഗീകരിച്ചാൽ മാത്രമേ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് പൂർണ്ണമായി തുറന്നുകൊടുക്കൂ എന്നും, അല്ലാത്തപക്ഷം ജലപാത അടഞ്ഞുകിടക്കുമെന്നും ഇറാൻ വ്യക്തമാക്കി.







