ദുബായ്– ഉപയോഗിച്ച പ്ലാസ്റ്റിക് കുപ്പികൾ ശേഖരിച്ച് മനോഹരമായ സ്കൂൾ ബാഗുകളാക്കി മാറ്റുന്ന വിപ്ലവകരമായ പദ്ധതിയുമായി ദുബായ് മുനിസിപ്പാലിറ്റി. ‘ബോട്ടിൽ2ബാഗ്’ എന്ന് പേരിട്ടിരിക്കുന്ന സംരംഭത്തിലൂടെ ഏകദേശം 40 ടൺ പ്ലാസ്റ്റിക്കിന് തുല്യമായ 20 ലക്ഷത്തോളം കുപ്പികളാണ് ഇതിനകം നഗരസഭ ശേഖരിച്ച് പുനരുപയോഗം ചെയ്തത്.
ഒക്ടോബർ 20 മുതൽ 22 വരെ ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടക്കുന്ന 28-ാമത് എക്സിബിഷനിൽ ദുബായ് മുനിസിപ്പാലിറ്റി ഈ സുസ്ഥിര പദ്ധതി പ്രദർശിപ്പിച്ചു. പ്ലാസ്റ്റിക് പുനരുപയോഗത്തിലൂടെ ഹരിതഗൃഹ വാതക പുറന്തള്ളലും ഊർജ ഉപഭോഗവും വലിയ അളവിൽ കുറയ്ക്കാൻ സാധിക്കുമെന്ന് നഗരസഭയിലെ വേസ്റ്റ് ആന്റ് വേസ്റ്റ് വാട്ടർ ഏജൻസി സി.ഇ.ഒ ആദിൽ മുഹമ്മദ് അൽ മർസൂഖി വ്യക്തമാക്കി.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സ്മാർട്ട് ശേഖരണ ഉപകരണങ്ങൾ, പൊതുസ്ഥലങ്ങളിലും ബീച്ചുകളിലുമുള്ള റിവേഴ്സ് വെൻഡിങ് മെഷീനുകൾ, പ്രകൃതിസൗഹൃദ കേന്ദ്രങ്ങൾ എന്നിവ വഴിയാണ് പദ്ധതിക്കായുള്ള പ്ലാസ്റ്റിക് കുപ്പികൾ ശേഖരിക്കുന്നത്. 2041ഓടെ മാലിന്യങ്ങൾ പൂർണ്ണമായും പുനരുപയോഗിക്കുകയും ലാൻഡ്ഫില്ലുകളിലേക്ക് പോകുന്ന മാലിന്യത്തിന്റെ അളവ് പൂജ്യത്തിലെത്തിക്കുകയും ചെയ്യുക എന്ന ദുബായ് ഇന്റഗ്രേറ്റഡ് വേസ്റ്റ് മാനേജ്മെന്റ് സ്ട്രാറ്റജിയുടെ ഭാഗമായാണ് ഈ നടപടി.







