ആലപ്പുഴ: സി പി ഐക്കെതിരെ ഗുരുതര ആരോപണവുമായി പി വി അൻവർ എം എൽ എ. നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറനാട് സീറ്റ് സി പി ഐ വിറ്റുവെന്ന് പി വി അൻവർ എം എൽ എ. വെളിയം ഭാർഗവൻ,കാനം രാജേന്ദ്രൻ എന്നിവർ സംസ്ഥാന സെക്രട്ടറിമാരായിരുന്നപ്പോൾ പണം വാങ്ങിയാണ് സീറ്റ് വിൽപ്പന നടത്തിയത്.
സംസ്ഥാന സെക്രട്ടറിയായിരുന്ന വെളിയം ഭാർഗവനെ മുസ്ലിം ലീഗ് സ്വാധീനിച്ചു. 25 ലക്ഷം രൂപ പാർട്ടി ഫണ്ട് എന്ന പേരിൽ വാങ്ങിയ ശേഷം ഏറനാട് സീറ്റ് നൽകുകയായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിലും ഇത് ആവർത്തിച്ചു. വയനാട് ലോക്സഭ തെരഞ്ഞെടുപ്പിൽ സി പി ഐ നേതാക്കൾ കോടിക്കണക്കിന് രൂപ പിരിച്ചെടുത്തു.
മന്ത്രി കെ രാജൻ,സി പി ഐ അസിസ്റ്റൻ്റ് സെക്രട്ടറി പി പി സുനീർ,മലപ്പുറം ജില്ലാ സെക്രട്ടറി എന്നിവരാണ് പണം പിരിച്ചെടുത്തത്. ഒരു രൂപ ഇലക്ഷൻ കമ്മറ്റിക്ക് കൊടുത്തില്ല. പ്രവർത്തകർക്ക് കാലി ചായ വാങ്ങാൻ പോലും പണം കൊടുത്തില്ല. സി പി ഐ നേതൃത്വത്തെ സംവാദത്തിന് വെല്ലുവിളിക്കുന്നു. പാവപ്പെട്ട പ്രവർത്തകരെ തിന്നു ജീവിക്കുകയാണ് സി പി ഐ നേതാക്കൾ. സി പി ഐക്കാർ കാട്ടുകള്ളൻമാർ.
സി പി എമ്മിനെ കുറ്റം പറഞ്ഞു നടക്കുന്ന ഇത്തിൾക്കണ്ണികൾ. പിണറായി വിജയൻ്റെ നേരെ അനിയനാണ് ബിനോയ് വിശ്വം. സി പി ഐക്ക് നിലപാടില്ല. ഇടതുപക്ഷത്ത് സി പി ഐ അടിമയും ഉടമയും അല്ല. സി പി ഐയെ വിശേഷിപ്പിക്കാൻ പുതിയ വാക്ക് കണ്ടെത്തണമെന്നും പി വി അൻവർ പറഞ്ഞു.