കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന് എതിരായ കെ.എം ഷാജിയുടെ സംഘി പരാമർശം തള്ളാതെ മുസ്‌ലിം ലീഗ് നേതൃത്വവും.
കെ.എം ഷാജിയുടെ വിവാദ വാക്കുകൾ ശ്രദ്ധയിൽ പെടുത്തിയപ്പോൾ ഷാജി പറഞ്ഞതെല്ലാം പാർട്ടി നിലപാട് തന്നെയാണെന്നായിരുന്നു മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽസെക്രട്ടറി അഡ്വ. പി.എം.എ സലാം മാധ്യമങ്ങളോട് പറഞ്ഞത്. ഷാജി സംസ്ഥാന സെക്രട്ടറിയാണ്. വഖഫ് വിഷയമായാലും മറ്റെന്തായാലും അദ്ദേഹം പറയുന്നത് പാർട്ടി നിലപാടുകളാണ്. അതല്ലാതെ പറയാനാകില്ല.
മുഖ്യമന്ത്രിയെ ഷാജി സംഘിയെന്ന് വിളിച്ചത് ശരിയാണോ എന്ന് ചോദിച്ചപ്പോൾ ‘പിന്നെ എന്താണ് വിളിക്കുക? അതിനേക്കാൾ നല്ലൊരു പേര് ഇപ്പം ഡിക്ഷനറിയിൽ വേറെ എന്താണുള്ളത്? അത് കണ്ടെത്തുംവരേ സംഘിയെന്നു തന്നെയാവും നല്ലതെന്നായിരുന്നു’ അദ്ദേഹത്തിന്റെ പ്രതികരണം.
