തിരുവനന്തപുരം- രാഹുൽ ഗാന്ധി മോഡിയെ കെട്ടിപ്പിടിക്കുന്നതിൽ എനിക്ക് വിരോധമില്ലെന്നും എന്നാൽ രാഹുൽ ഗാന്ധി എങ്ങിനെയാണ് ഇന്ത്യാ മുന്നണിയെ കാണുന്നത് എന്നതിന്റെ ഉദാഹരണമാണ് അദ്ദേഹത്തിന്റെ പ്രസ്താവനയെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. രാഷ്ട്രീയ വ്യത്യാസങ്ങളുടെ പേരിൽ താൻ പിണറായി വിജയനെ കെട്ടിപ്പിടിക്കില്ലെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു പിണറായി വിജയൻ. ഇന്ത്യാ മുന്നണിയുടെ ഇപ്പോഴത്തെ അവസ്ഥക്ക് കാരണം രാഹുൽ ഗാന്ധിയാണ്. ഡി.എം.കെയും അഖിലേഷ് യാദവും തേജസ്വി യാദവുമെല്ലാം ഇന്ത്യാ മുന്നണിയുടെ നിലപാടിൽ അതൃപ്തിയിലാണെന്നും പിണറായി വിജയൻ പറഞ്ഞു.
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പ്രതികൾക്ക് വേണ്ടി ഹാജരായ അഭിഭാഷകനെ ദേവസ്വം ബോർഡ് അഭിഭാഷകനാക്കിയത് ശരിയായ രീതിയല്ലെന്നും ഇത് പിൻവലിക്കണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു. നിപയെ ശരിയായ രീതിയിലല്ല സർക്കാർ കൈകാര്യം ചെയ്യുന്നത്. ഈ മേഖലയിലേക്ക് ഇതേവരെ ആരോഗ്യമന്ത്രി വന്നിട്ടുപോലുമില്ലെന്നും പിണറായി ആരോപിച്ചു.



