മലപ്പുറം – നിലമ്പൂർ നിയോജക മണ്ഡലത്തിൽ എസ്ഡിപിഐ വോട്ടുകളിൽ വൻ ഇടിവ്. വോട്ടർമാരുടെ എണ്ണം ക്രമാനുഗതമായി വർധിച്ചപ്പോൾ എസ്ഡിപിഐ വോട്ടുകൾ പോയ കാല തെരഞ്ഞെടുപ്പുകളിൽ ഘട്ടം ഘട്ടമായി കുറയുകയാണ് ചെയ്തത് എന്ന് വിലയിരുത്തപ്പെടുന്നു. എസ്ഡിപിഐയുടെ ഈ പിന്നാക്കം പോക്കിനെ സമൂഹ മാധ്യമങ്ങളിൽ പരിഹസിക്കപ്പെടുന്നു. മുൻ സംസ്ഥാന നേതാവ് മജീദ് ഫൈസി മുമ്പ് നടത്തിയ വർത്താസമ്മേളനത്തിലെ പരാമർശം ഉൾപെടുത്തിയാണ് വിമർശം കടുപ്പിക്കുന്നത്. “2031ൽ കേരള നിയമ സഭയിൽ എസ്ഡിപിഐ നിർണ്ണായക ശക്തി ആയിരിക്കും എന്നും 2047 ൽ ഇന്ത്യ ഭരിക്കുന്ന പാർട്ടി ആയി മാറും..” എന്നുമാണ് മുഖ്യ പരാമർശം. അതേ സമയം നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ 2072 വോട്ടുകൾ മാത്രമാണ് എസ്ഡിപിഐ സ്ഥാനാർത്ഥിക്ക് ഉറപ്പിക്കാൻ ആയത്. അഡ്വ. സാദിഖ് നടുത്തൊടിയാണ് എസ്ഡിപിഐ സ്ഥാനാർത്ഥി ആയി മത്സരിച്ചത്. ബിജെപി കഴിഞ്ഞാൽ കുറവ് വോട്ട് നേടിയത് എസ്ഡിപിഐ ആണ്. തൊട്ടുമുകളിലുള്ള ബിജെപി സ്ഥാനാർത്ഥി 8562 വോട്ടുകൾ ആണ് പെട്ടിയിലാക്കിയത്.
നിലമ്പൂരിൽ 2016 ൽ അത് 4751 വോട്ടുകളായിരുന്നു പാർട്ടിക്ക് കിട്ടിയത്. 2021 ൽ എസ്ഡിപിഐ നേടിയത് 3249 വോട്ടുകളാണ്. 2016 ലെ 4751 വോട്ടിൽ നിന്ന് 1502 വോട്ടുകൾ കുറവാണ് എസ്ഡിപിഐക്ക് 2021 ൽ നേടിയത്. നാല് വർഷങ്ങൾക്കിപ്പുറം വീണ്ടും 1177 ന്റെ കുറവാണ് വീണ്ടും എസ്ഡിപിഐ വോട്ടുകളിൽ ഉണ്ടായത്.