കാഞ്ഞങ്ങാട്– സിബിഐ അന്വേഷണ ഉദ്യോഗസ്ഥനെന്ന പേരിൽ വീട്ടമ്മയില്‍ നിന്ന് എട്ട് ലക്ഷം രൂപ തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ. ഇരിങ്ങാലക്കുട സ്വദേശിനിയിൽ നിന്നും പണം കവർന്ന കാഞ്ഞങ്ങാട് സ്വദേശി ഫര്‍ഷാദ് (24) ആണ് അറസ്റ്റിലായത്. മംഗളൂരു വിമാനത്താവളത്തില്‍ നിന്ന് പ്രതിയെ ഇരിങ്ങാലക്കുട പോലിസ് പിടികൂടുകയായിരുന്നു. വീട്ടമ്മയെ സിബിഐ അന്വേഷണ ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞാണ് ഫര്‍ഷാദ് ഫോണില്‍ ബന്ധപ്പെട്ടത്. ആധാർ കാര്‍ഡ് നിയമവിരുദ്ധമായി ഉപയോഗിക്കപ്പെട്ടിട്ടുണ്ടെന്നും, അതിനാൽ തന്നെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പറഞ്ഞ് പണം ആവശ്യപ്പെടുകയായിരുന്നു.
തുടര്‍ന്ന് ബാങ്ക് അക്കൗണ്ടിലെ പണത്തിന്റെ ഉറവിടം അന്വേഷിക്കണമെന്ന പേരിൽ പറഞ്ഞ് വിവിധ ഘട്ടങ്ങളിലായി നിരവധി ബാങ്ക് അക്കൗണ്ടുകള്‍ മുഖേന എട്ടു ലക്ഷം രൂപയാണ് തട്ടിയെടുത്തത്. 4,90,000 രൂപ ഫര്‍ഷാദിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തിയതായും പോലീസ് കണ്ടെത്തി. പിന്നാലെ വിദേശത്തേക്ക് കടന്ന പ്രതി നാട്ടിലേക്ക് തിരികെ വന്ന സമയത്താണ് മംഗളൂരു വിമാനത്താവളത്തില്‍ നിന്ന് പിടിയിലായത്. പ്രതിയെ ഇരിങ്ങാലക്കുട പോലിസ് സ്‌റ്റേഷനിലെത്തിച്ചു. ഇരിങ്ങാലക്കുട ഇന്‍സ്‌പെക്ടര്‍ എം കെ ഷാജി, എസ്‌ഐ എം എ മുഹമ്മദ് റാഷി എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. സീനിയര്‍ സിവില്‍ പോലിസ് ഓഫീസര്‍ എം ആര്‍ രഞ്ജിത്ത്, സിവില്‍ പോലിസ് ഓഫീസര്‍മാരായ എം എം സാബു, മുരളികൃഷ്ണ എന്നിവരും ഈ സംഘത്തിലുണ്ടായിരുന്നു.



