കണ്ണൂർ: മുസ്‌ലിം യൂത്ത് ലീഗിന്റെ സ്ഥാപക സംസ്ഥാന പ്രസിഡന്റും മുതിർന്ന മാധ്യമപ്രവർത്തകനുമായ കെ.കെ. മുഹമ്മദ് (90) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് വ്യാഴാഴ്ച പുലർച്ചെ അഞ്ചുമണിയോടെ മേക്കുന്ന് മത്തിപ്പറമ്പിലെ വസതിയിലായിരുന്നു അന്ത്യം.
1936 ജൂൺ 20-ന് ന്യൂമാഹി പെരിങ്ങാടിയിൽ രയരോത്ത് അബ്ദുവിന്റെയും നാലുകണ്ടി ആശാരിന്റെവിട ബീവിയുടെയും മകനായാണ് ജനനം. രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, മാധ്യമ മേഖലകളിൽ ദീർഘകാലം സജീവ സാന്നിധ്യമായിരുന്നു.
മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി ഓഫീസ് സെക്രട്ടറി, 1968-ൽ രൂപീകൃതമായ മുസ്‌ലിം യൂത്ത് ലീഗിന്റെ പ്രഥമ സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. 1975-ൽ പാർട്ടിയിലുണ്ടായ പിളർപ്പിനെത്തുടർന്ന് അഖിലേന്ത്യാ മുസ്‌ലിം ലീഗിന്റെ ഭാഗമാവുകയും ഉന്നത ചുമതലകൾ വഹിക്കുകയും ചെയ്തു. അക്കാലത്ത് പാർട്ടിയുടെ മുഖപത്രമായിരുന്ന ‘ലീഗ് ടൈംസി’ന്റെ പത്രാധിപരായിരുന്നു. 1984-ൽ ഇരു ലീഗുകളും ലയിച്ചതിനു ശേഷം ചന്ദ്രികയുടെ അസോസിയേറ്റ് എഡിറ്ററായും എറണാകുളത്ത് റസിഡന്റ് എഡിറ്ററായും ദീർഘകാലം സേവനമനുഷ്ഠിച്ചു. കാലിക്കറ്റ് പ്രസ് ക്ലബ് പ്രസിഡന്റ്, പത്രപ്രവർത്തക യൂണിയൻ ദേശീയ സമിതി അംഗം എന്നീ നിലകളിലും മാധ്യമരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചു.
വിദ്യാഭ്യാസ-കാരുണ്യ മേഖലകളിലും വലിയ സംഭാവനകൾ നൽകിയ അദ്ദേഹം ഫെഡറേഷൻ ഓഫ് മുസ്‌ലിം ഓർഫനേജ് കോളജസ് പ്രസിഡന്റ്, പെരിങ്ങത്തൂർ ദർസ് യതീംഖാന പ്രസിഡന്റ്, അസോസിയേഷൻ ഓഫ് ഓർഫനേജസ് ആൻഡ് ചാരിറ്റബിൾ ഇൻസ്റ്റിറ്റ്യൂട്ട് കണ്ണൂർ ജില്ലാ പ്രസിഡന്റ്, കല്ലിക്കണ്ടി എൻ.എ.എം ആർട്സ് ആൻഡ് സയൻസ് കോളജ് മാനേജർ, എസ്.എം.എഫ് കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി തുടങ്ങി നിരവധി പദവികൾ വഹിച്ചിട്ടുണ്ട്. തലശ്ശേരി രാജീവ് ഗാന്ധി കോ-ഓപ്പറേറ്റീവ് ആശുപത്രി ഡയറക്ടറുമായിരുന്നു.
ഭാര്യ: കാവുള്ളതിൽ സൈനബ ഹജ്ജുമ്മ.
മക്കൾ: നിസാർ മുഹമ്മദ്, ജാഫർഖാൻ മുഹമ്മദ്, സറീന, അബ്ദുൽ അസീസ്, ഫൈസൽ മുഹമ്മദ്, ജസീല, സാജിദ, ഷഫീന, സഫൂറ, സുഫൈറ, സുമയ്യ.
മരുമക്കൾ: അസ്മ നിസാർ, സീനത്ത് ജാഫർ, മുഹമ്മദ് ശാഫി (വടകര), നദീറ അസീസ്, റജ്ന ഫൈസൽ, നൗഷാദ് (പെരിങ്ങാടി), മുഹമ്മദ് റഫീഖ് (കതിരൂർ), ഹാരിസ്, ജാബിർ (വടകര), ഷാനവാസ് (പാനൂർ), അബ്ദുൽ മജീദ്.
ഖബറടക്കം ഇന്ന് (വ്യാഴാഴ്ച) വൈകിട്ട് 6.30-ന് പെരിങ്ങത്തൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.



