എഫ്സി ഗോവയ്ക്കെതിരെ വിജയലക്ഷ്യവുമായി ഫറ്റോർഡയിൽ
പനാജി– ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ തങ്ങളുടെ അഞ്ചാം മത്സരത്തിനായി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഇന്ന് വീണ്ടും കളത്തിലിറങ്ങുന്നു. വൈകിട്ട് 5:00ന് ഗോവ ഫറ്റോർഡയിലെ പണ്ഡിറ്റ് ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന പോരാട്ടത്തിൽ ആതിഥേയരായ എഫ്സി ഗോവയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.
മുംബൈ സിറ്റി എഫ്സിക്കും ചെന്നൈയിൻ എഫ്സിക്കുമെതിരെ തുടർച്ചയായി വഴങ്ങിയ ഗോൾരഹിത സമനിലകൾക്ക് ശേഷം, വിജയവഴിയിൽ തിരിച്ചെത്തുക എന്ന ലക്ഷ്യത്തോടെയാണ് മുഖ്യ പരിശീലകൻ ആഷ്ലി വെസ്റ്റ്വുഡും സംഘവും ഗോവയിലെത്തിയിരിക്കുന്നത്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും പ്രതിരോധ നിരയുടെ കരുത്ത് തെളിയിക്കാൻ സാധിച്ചെങ്കിലും മുന്നേറ്റനിരയിൽ കൂടുതൽ മൂർച്ച കൂട്ടേണ്ടതുണ്ടെന്ന് ടീമിനറിയാം. ഇടവേളയിൽ ലഭിച്ച പരിശീലന സമയം കൃത്യമായി പ്രയോജനപ്പെടുത്തി മികച്ച ഫോമിലുള്ള ഗോവയ്ക്കെതിരെ മൂന്ന് പോയിന്റുകൾ സ്വന്തമാക്കാനാണ് ബ്ലാസ്റ്റേഴ്സ് ഒരുങ്ങുന്നത്.
മറുവശത്ത് ബെംഗളൂരു എഫ്സിയോടേറ്റ തോൽവിക്ക് ശേഷം ഇന്റർ കാശി, നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എന്നിവർക്കെതിരെ തുടർച്ചയായ രണ്ട് വിജയങ്ങൾ നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് എഫ്സി ഗോവ. അഞ്ച് മത്സരങ്ങളിൽ നിന്ന് എട്ട് പോയിന്റുമായി നിലവിൽ ആറാം സ്ഥാനത്തുള്ള ഗോവ സ്വന്തം തട്ടകത്തിന്റെ ആനുകൂല്യം മുതലെടുക്കാൻ ശ്രമിക്കും.
മുംബൈ സിറ്റിക്കെതിരായ അരങ്ങേറ്റ മത്സരത്തിൽ നിർണായക സേവുകളിലൂടെ പ്ലെയർ ഓഫ് ദി മാച്ച് പുരസ്കാരം നേടുകയും ചെന്നൈയിനെതിരെയും ക്ലീൻ ഷീറ്റ് നിലനിർത്തുകയും ചെയ്ത ഗോൾകീപ്പർ അമരീന്ദർ സിംഗിന്റെ പ്രകടനം ഇന്നും നിർണായകമാകും. പ്രതിരോധത്തിൽ കരുത്തുപകരുന്നതിനൊപ്പം, ഇരുടീമുകളും കൊച്ചിയിൽ അവസാനമായി ഏറ്റുമുട്ടിയപ്പോൾ 2-1 ന്റെ വിജയഗോൾ നേടിയ സെന്റർ ബാക്ക് ഫാലോ എൻഡിയായെയും ശ്രദ്ധാകേന്ദ്രമാകും.



