കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എട്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ഒരു കോടി രൂപയുടെ സ്വര്‍ണം പിടികൂടി. ഡയറക്ടറേറ്റ് ഓഫ് റെവന്യു ഇന്റലിജന്‍സിന്റെ നേതൃത്വത്തിലാണ് സ്വർണം പിടികൂടിയത്.
റാസല്‍ ഖൈമയില്‍ നിന്നും കരിപ്പൂരില്‍ എത്തിയ പൊന്നാനി സ്വദേശിയായ പിതാവിന്റെയും എട്ട് മാസം പ്രായമുള്ള കുഞ്ഞിന്റെയും ദേഹത്തുനിന്നുമാണ് സ്വര്‍ണം കണ്ടെടുത്തത്. പിതാവിന്റെ ശരീരത്തില്‍ മിശ്രിത രൂപത്തിലും കുഞ്ഞിന്റെ ഡയപ്പറില്‍ ഒളിപ്പിച്ചുമാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.
പിതാവും മൂന്നു മക്കളുമാണ് ഈ വിമാനത്തില്‍ എത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് നിന്നും എത്തിയ ഡിആര്‍ഐ സംഘമാണ് പ്രതിയെ പിടികൂടിയത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
സംസ്ഥാനത്തെ വിവിധ വിമാനത്താവളങ്ങളില്‍ കഴിഞ്ഞ മാസത്തില്‍ മാത്രം വലിയ സ്വര്‍ണവേട്ടയാണ് നടന്നിട്ടുള്ളത്. ഓഗസ്റ്റ് ആദ്യവാരം മാത്രം 11 കോടിയിലധികം രൂപ വിലമതിക്കുന്ന 8 കിലോഗ്രാം സ്വര്‍ണം കസ്റ്റംസ് പിടികൂടിയിരുന്നു. 14 വ്യത്യസ്ത കേസുകളിലായി 6 മലയാളികള്‍ ഉള്‍പ്പെടെ 9 പേരെയാണ് ഈ കാലയളവില്‍ അറസ്റ്റ് ചെയ്തത്.







