തിരുവനന്തപുരം- സ്ത്രീകൾ വീട്ടിൽ ഇരുന്നാൽ മതിയെന്നും പൊതുരംഗത്തേക്ക് ഇറങ്ങേണ്ടതില്ലെന്നുമുളള കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുടെ പ്രസ്താവനയോട് സംസ്ഥാന സർക്കാരിനോ കോൺഗ്രസിനോ ഒരു യോജിപ്പുമില്ലെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. പുരോഗമന കേരളത്തിലെ ഒരാൾക്കും ഇതിനോട് യോജിപ്പില്ലെന്നും ഇത് പത്തൊൻപതാം നൂറ്റാണ്ടിലെങ്കിലും പറയേണ്ട കാര്യമാണെന്നും പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
ഇസ്ലാമിനെ പോലും തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനയാണ് കാന്തപുരം നടത്തിയത്. പ്രവാചകന്റെ ഭാര്യ ഖദീജ വലിയ വ്യാപാരിയായിരുന്നു. മറ്റൊരു ഭാര്യ ആയിശ യുദ്ധം നടത്തിയിട്ടുണ്ട്. ഇസ്ലാമിക ചരിത്രത്തിലെ ബിൽഖീസ് രാജ്ഞിയായിരുന്നു. ഏറ്റവും നീതിമാനായ ഖലീഫ ഉമറിനെ മഹറിന്റെ കാര്യത്തിൽ ഒരു സ്ത്രീ ചോദ്യം ചെയ്തിട്ടുണ്ട്. ആ സ്ത്രീ പറഞ്ഞ കാര്യമാണ് ശരിയെന്നാണ് ഖലീഫ ഉമർ പറഞ്ഞതെന്നും വി.ഡി സതീശൻ വ്യക്തമാക്കി.







