തിരുവനന്തപുരം– മെഡിക്കൽ കോളജ് ആശുപത്രിയിലെ മൾട്ടി സ്പെഷ്യൽറ്റി അത്യാഹിത വിഭാഗത്തിലുണ്ടായ തീപിടിത്തത്തിന് പിന്നാലെ ചികിത്സയിലായിരുന്ന അഞ്ച് രോഗികൾ മരിച്ചു. ചൊവ്വാഴ്ച സർജിക്കൽ ഐസിയുവിലെ വെന്റിലേറ്ററിൽ തീപിടിത്തമുണ്ടായതിനെത്തുടർന്ന് ചികിത്സയിലായിരുന്നവരാണ് മണിക്കൂറുകൾക്കുള്ളിൽ മരണപ്പെട്ടത്. നെയ്യാറ്റിൻകര സ്വദേശി സനീഷ് (38), ഓട്ടോ ഇടിച്ച് പരിക്കേറ്റ കൃഷ്ണൻകുട്ടി, കാർ ഓട്ടോയിൽ ഇടിച്ച് പരിക്കേറ്റ ഓട്ടോ ഡ്രൈവർ അബ്ദുൾ റഹീം, വാഹനാപകടത്തിൽ പരിക്കേറ്റ ഓമന അമ്മ, ബാലരാമപുരം സ്വദേശി ശ്രീധരൻ എന്നിവരാണ് മരിച്ചത്.
തീപിടിത്തമുണ്ടായ ഉടൻ രോഗികളെ സുരക്ഷിതമായി മാറ്റിയെന്നും എല്ലാവരും സുരക്ഷിതരാണെന്നുമായിരുന്നു ആശുപത്രി അധികൃതരുടെ ആദ്യ വിശദീകരണം. എന്നാൽ ഇതിന് പിന്നാലെ അഞ്ച് രോഗികളുടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.
മരിച്ചവരിൽ നെയ്യാറ്റിൻകര സ്വദേശിയായ സനീഷ് തീപടർന്ന വെന്റിലേറ്ററിലായിരുന്നു ചികിത്സയിൽ കഴിഞ്ഞിരുന്നത്. ബൈക്കിൽ നിന്ന് വീണ് പരിക്കേറ്റ സനീഷ് അപകടത്തിന് ശേഷം നില മെച്ചപ്പെട്ടിരുന്നതായും പൊടിയരിക്കഞ്ഞി കുടിച്ചു തുടങ്ങിയിരുന്നതായും ബന്ധുക്കൾ പറഞ്ഞു. അഗ്നിബാധയുണ്ടായപ്പോൾ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സനീഷിന്റെ ജീവൻരക്ഷാ ഉപകരണങ്ങൾ മാറ്റിയതാണ് മരണകാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. തീപിടിത്തത്തിന് ശേഷം സനീഷിന്റെ നില വഷളാകുകയും ബുധനാഴ്ച മരണം സ്ഥിരീകരിക്കുകയുമായിരുന്നു. സംഭവത്തിൽ ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയെക്കുറിച്ച് ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്.



