ആലപ്പുഴ: ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും നടനുമായ ദേവൻ പാർട്ടിയിൽ നിന്ന് രാജിവെച്ചു. ആലപ്പുഴ കണിച്ചുകുളങ്ങര ദേവീ ക്ഷേത്രത്തിലെ പൊതുവേദിയിൽ വെച്ചാണ് അദ്ദേഹം അപ്രതീക്ഷിത രാജി പ്രഖ്യാപനം നടത്തിയത്. പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനവും പ്രാഥമിക അംഗത്വവും രാജിവെച്ചതായി വ്യക്തമാക്കിയ അദ്ദേഹം, രാജിക്കത്ത് ഉടൻ സംസ്ഥാന നേതൃത്വത്തിന് കൈമാറുമെന്നും അറിയിച്ചു.
ശ്രീനാരായണ ഗുരുദേവന്റെ ആദർശങ്ങളും ആശയങ്ങളുമാണ് തന്റെ രാഷ്ട്രീയമെന്നും, കഴിഞ്ഞ അഞ്ചു വർഷമായി സംസ്ഥാന ബിജെപിയിൽ അത് കാണാൻ കഴിഞ്ഞില്ലെന്നും ദേവൻ പ്രതികരിച്ചു. ബിജെപിക്കായി സജീവമായി പ്രവർത്തിച്ചിട്ടുണ്ടെന്നും കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറിന്റെ വിജയത്തിന് തന്റെ സംഭാവനയും ഉണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജി തീരുമാനം മാസങ്ങൾക്ക് മുമ്പേ എടുത്തതാണെന്നും മുൻ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്തെ ചില വിഷയങ്ങളിൽ വിയോജിപ്പുണ്ടായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.
17 വർഷം മുമ്പ് താൻ രൂപീകരിച്ച ‘കേരള പീപ്പിൾസ് പാർട്ടി’ (കെപിപി) ബിജെപിയിൽ ലയിപ്പിച്ചാണ് 2021 മാർച്ചിൽ ദേവൻ ബിജെപിയിൽ ചേർന്നത്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ നയിച്ച ‘വിജയയാത്ര’യുടെ സമാപനച്ചടങ്ങിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിലായിരുന്നു ലയനം. തുടർന്ന് 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി 2023 ഡിസംബറിലാണ് ദേവനെ ബിജെപിയുടെ സംസ്ഥാന വൈസ് പ്രസിഡന്റായി നിയമിച്ചത്.







