അബുദാബി– ഹോർമുസ് കടലിടുക്കിൽ അഡ്നോക് ലോജിസ്റ്റിക്സ് ആൻഡ് സർവീസസിന്റെ എണ്ണ ടാങ്കറിന് നേരെയുണ്ടായ ആക്രമണത്തെ തുടർന്ന് കാണാതായ ജോർദാനിയൻ നാവികനുവേണ്ടി യു.എ.ഇയും ഒമാനും സംയുക്തമായി തിരച്ചിൽ തുടരുന്നു. മുഹമ്മദ് ഉതൈബി എന്ന നാവികനെയാണ് കാണാതായതെന്ന് ജോർദാൻ സ്റ്റേറ്റ് വാർത്താ ഏജൻസി ‘പെട്ര’ റിപ്പോർട്ട് ചെയ്തു. തിരച്ചിലിന്റെ പുരോഗതി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.
എംബസികളും ജോർദാൻ മാരിടൈം കമ്മീഷനും വഴി യു.എ.ഇ, ഒമാൻ അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് ജോർദാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ടാങ്കറിന് നേരെയുണ്ടായ ആക്രമണത്തിൽ 11 ജീവനക്കാർക്ക് പരിക്കേറ്റിരുന്നു. മറ്റുള്ളവരെ സുരക്ഷിതമായി രക്ഷപ്പെടുത്തി.
മേഖലയിൽ ആക്രമണങ്ങൾ രൂക്ഷമാകുന്നു സമുദ്ര സുരക്ഷാ ഭീഷണി നിലനിൽക്കുന്ന ഹോർമുസ് കടലിടുക്കിൽ നവംബർ 16 മുതൽ വാണിജ്യ കപ്പലുകൾക്ക് നേരെ ആക്രമണങ്ങൾ വർധിക്കുകയാണ്. നവംബർ 20, 21 തീയതികളിലായി ഒമാൻ തീരത്തിന് സമീപം മൂന്ന് കപ്പലുകൾ ആക്രമിക്കപ്പെട്ടതടക്കം ഒരാഴ്ചയ്ക്കിടെ ഏഴ് എണ്ണ ടാങ്കറുകൾക്ക് നേരെ ആക്രമണമുണ്ടായതായി ജോയിന്റ് മാരിടൈം ഇൻഫർമേഷൻ സെന്റർ അറിയിച്ചു.
ഒമാനിലെ ഖസബിൽ നിന്ന് 8 മുതൽ 17 നോട്ടിക്കൽ മൈൽ അകലെ, ഹോർമുസ് കടലിടുക്കിൽ നിന്ന് പുറത്തുകടക്കാൻ ശ്രമിച്ച ടാങ്കറുകളെയാണ് ഏറ്റവും ഒടുവിലായി ലക്ഷ്യമിട്ടത്. ഇതിൽ രണ്ട് കപ്പലുകൾ 50 മിനിറ്റിന്റെ ഇടവേളയിലാണ് ആക്രമിക്കപ്പെട്ടത്. തുടർച്ചയായ ആക്രമണങ്ങൾ പ്രാദേശിക സമ്പദ്വ്യവസ്ഥയിലും ആഗോള എണ്ണ വിപണിയിലും കടുത്ത ആശങ്കയുണ്ടാക്കിയിട്ടുണ്ട്.
നിരീക്ഷണം ശക്തമാക്കി ഇറാൻ; അന്വേഷണവുമായി യു.കെ.എം.ടി.ഒ മേഖലയിൽ ഡ്രോൺ പറത്തൽ, വാണിജ്യ കപ്പലുകളുടെ നിരീക്ഷണം, റേഡിയോ മുന്നറിയിപ്പുകൾ എന്നിവയിലൂടെ ഇറാൻ റെവല്യൂഷണറി ഗാർഡ് സാന്നിധ്യം തുടരുകയാണെന്ന് ജോയിന്റ് മാരിടൈം ഇൻഫർമേഷൻ സെന്റർ വ്യക്തമാക്കി. എന്നാൽ, ടാങ്കറുകൾ കടലിലെ മൈനുകളിൽ ഇടിച്ചാണ് അപകടമുണ്ടായതെന്ന ഇറാന്റെ വാദം സ്ഥിരീകരിക്കാനായിട്ടില്ലെന്നും ഏജൻസി അറിയിച്ചു.
അതിനിടെ, ഒമാൻ ഉൾക്കടലിൽ ഒരു എണ്ണ ടാങ്കറും സൈനിക സേനയും ഉൾപ്പെട്ട മറ്റൊരു സംഭവം കൂടി യു.കെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (യു.കെ.എം.ടി.ഒ) റിപ്പോർട്ട് ചെയ്തു. ഇതിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്.



