ദമാസ്കസ്– വടക്കുപടിഞ്ഞാറൻ സിറിയയിലെ ഇദ്ലിബ് പ്രവിശ്യയിലുണ്ടായ മൈൻ സ്ഫോടനത്തിൽ അഞ്ച് കുട്ടികൾ കൊല്ലപ്പെടുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. ഉം ഖുസൈം ഗ്രാമത്തിലാണ് അപകടമുണ്ടായത്. അട്ടിമറിക്കപ്പെട്ട മുൻ പ്രസിഡന്റ് ബഷാർ അൽഅസദിന്റെ ഭരണകാലത്ത് സ്ഥാപിച്ച മൈൻ പൊട്ടിത്തെറിച്ചാണ് ദുരന്തമുണ്ടായതെന്ന് ഔദ്യോഗിക ടി.വി റിപ്പോർട്ട് ചെയ്തു.
ഇതിനിടെ, കിഴക്കൻ പ്രവിശ്യയായ ദെയ്ര് എസ്സോറിലെ പടിഞ്ഞാറൻ ഗ്രാമീണ മേഖലയിൽ മൈനുകളും യുദ്ധാവശിഷ്ടങ്ങളും നീക്കം ചെയ്യുന്നതിനിടെ ഒരു സിറിയൻ സൈനികൻ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അൽതരീഫ് നഗരത്തിലാണ് സംഭവമെന്ന് സിറിയൻ അറബ് വാർത്താ ഏജൻസി (സനാ) അറിയിച്ചു.

പതിമൂന്ന് വർഷത്തിലേറെ നീണ്ട ആഭ്യന്തരയുദ്ധത്തിനിടെ വിവിധ കക്ഷികൾ സ്ഥാപിച്ച മൈനുകളും പൊട്ടാത്ത സ്ഫോടകവസ്തുക്കളും സിറിയയിലുടനീളം ഇപ്പോഴും വലിയ ഭീഷണിയായി തുടരുകയാണ്. 2024 ഡിസംബറിൽ അസദ് ഭരണം അവസാനിച്ചതിന് ശേഷം ഈ വർഷം സെപ്റ്റംബർ ആദ്യം വരെയുള്ള കാലയളവിൽ 1,337 സ്ഫോടകവസ്തു അപകടങ്ങൾ രേഖപ്പെടുത്തിയതായി യു.എൻ മൈൻ ആക്ഷൻ സർവീസിന്റെ ഏകോപന സംവിധാനം വ്യക്തമാക്കുന്നു. 850-ലധികം കുട്ടികൾ ഉൾപ്പെടെ 2,375 പേർക്കാണ് ഈ കാലയളവിൽ ജീവൻ നഷ്ടപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തത്.
ഓരോ ആറ് മണിക്കൂറിലും മൈനുകൾ മൂലമോ യുദ്ധാവശിഷ്ടങ്ങൾ മൂലമോ സിറിയയിൽ ഒരാൾക്ക് ജീവൻ നഷ്ടപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്യുന്നുണ്ടെന്ന് ഹാലോ ട്രസ്റ്റ് സിറിയ പ്രോഗ്രാം മാനേജർ സൈമൺ ജാക്സൺ സെപ്റ്റംബറിൽ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ വർഷം ലോകത്ത് ഏറ്റവും കൂടുതൽ പേർ മൈൻ അപകടങ്ങൾക്ക് ഇരയായത് സിറിയയിലാണെന്നും (1,600 പേർ) ലാൻഡ്മൈൻ ആന്റ് ക്ലസ്റ്റർ മ്യൂണിഷൻ മോണിറ്റർ റിപ്പോർട്ട് ചെയ്തിരുന്നു.
2011-ൽ ആരംഭിച്ച ആഭ്യന്തര സംഘർഷം 2024 ഡിസംബർ 8-ന് പ്രതിപക്ഷ സേന ദമാസ്കസിൽ പ്രവേശിച്ചതോടെയാണ് അവസാനിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മൈനുകൾ നിർവീര്യമാക്കാനുള്ള പ്രവർത്തനങ്ങൾ സിറിയൻ അധികൃതരുടെയും റെഡ് ക്രോസ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സംഘടനകളുടെയും നേതൃത്വത്തിൽ തുടരുകയാണ്.



