ബംഗളൂരു– പ്രമുഖ റിയൽ എസ്റ്റേറ്റ് സ്ഥാപനമായ കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ. റോയ് (57) ഇഡി റെയ്ഡിനിടെ സ്വയം വെടിവെച്ച് മരിച്ചു. ബംഗളൂരു അശോക് നഗറിലെ ഹൊസൂർ റോഡിലുള്ള ഗ്രൂപ്പ് ആസ്ഥാനത്താണ് സംഭവം. ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ട് സി.ജെ. റോയിയുടെ ഓഫീസിലും അദ്ദേഹം ഉടമസ്ഥനായ കഫേയിലും ഇഡി ഉദ്യോഗസ്ഥർ പരിശോധന നടത്തിവരികയായിരുന്നു.
പരിശോധനക്കിടെ ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം ഓഫീസിലെത്തിയ റോയിയെ ഏകദേശം ഒന്നര മണിക്കൂറോളം ഇഡി ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം ജീവനൊടുക്കിയത്. ഉടൻതന്നെ നാരായണ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. നിലവിൽ ഓഫീസ് പൂർണ്ണമായും പോലീസ് നിയന്ത്രണത്തിലാണ്. ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
റിയൽ എസ്റ്റേറ്റ് മേഖലയിൽ ഇന്ത്യയിലും ഗൾഫ് രാജ്യങ്ങളിലും സജീവമായ കോൺഫിഡന്റ് ഗ്രൂപ്പിന് കേരളത്തിലും നിരവധി പദ്ധതികളുണ്ട്. ഇതിനുപുറമെ സിനിമാ നിർമ്മാണ രംഗത്തും റോയ് വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. നാല് സിനിമകളാണ് അദ്ദേഹം നിർമ്മിച്ചിട്ടുള്ളത്. റെയ്ഡിന് പിന്നിലെ കൂടുതൽ വിവരങ്ങളോ ആത്മഹത്യയിലേക്ക് നയിച്ച സാഹചര്യമോ ഇഡി ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല.



