റിയാദ്: സൗദി അറേബ്യയിലെ മലയാളി നഴ്സുമാരുടെ കൂട്ടായ്മയായ യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (യു.എൻ.എ) സംഘടിപ്പിച്ച ‘എയ്ഞ്ചൽസ് മീറ്റ്’ കുടുംബസംഗമം ശ്രദ്ധേയമായി. റിയാദിലെ വിവിധ ആശുപത്രികളിൽ സേവനമനുഷ്ഠിക്കുന്ന ആയിരത്തിലധികം ആളുകൾ റിയാദ് ഫ്ലമിംഗോ പാർക്ക് മാളിൽ നടന്ന സംഗമത്തിൽ പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി കലാകാരന്മാരെയും കുട്ടികളെയും അണിനിരത്തിക്കൊണ്ട് വിവിധ കലാപരിപാടികളും അരങ്ങേറി.
സാംസ്കാരിക സമ്മേളനം യു.എൻ.എ ഇന്റർനാഷണൽ പ്രസിഡന്റ് ജാസ്മിൻ ഷാ ഉദ്ഘാടനം ചെയ്തു. സംഘടനയുടെ നേതൃത്വത്തിൽ റിയാദ് മേഖലയിൽ നടന്നുവരുന്ന സാമൂഹിക-ജീവകാരുണ്യ പ്രവർത്തനങ്ങളും സംഗമത്തിന്റെ സംഘാടനമികവും പ്രശംസനീയമാണെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
യു.എൻ.എ സൗദി അറേബ്യ പ്രസിഡന്റ് ഷമീർ ഷംസുദീൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ശിഹാബ് കൊട്ടുകാട്, സിദ്ദീഖ് തുവൂർ, ലത്തീഫ് തെച്ചി, ഗഫൂർ കൊയിലാണ്ടി, ഡൊമിനിക് സാവിയോ എന്നിവർ ആശംസകൾ നേർന്നു. നിമിഷ, ബെൻസൺ എന്നിവരായിരുന്നു അവതാരകർ.
ആരോഗ്യ മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച നഴ്സുമാരെ ചടങ്ങിൽ ആദരിച്ചു. യു.എൻ.എ റിയാദ് ഭാരവാഹികളായ രഞ്ജു, ശ്യാം, നിമിഷ തോമസ്, ഫെബ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ജോയിന്റ് സെക്രട്ടറി ഡെന്നി സ്വാഗതവും ട്രഷറർ ബിബി ജോയ് നന്ദിയും പറഞ്ഞു.




