കോഴിക്കോട്: പ്രശസ്ത ഫുട്ബോൾ മാധ്യമപ്രവർത്തകനും മലയാള മനോരമയുടെ കളിയെഴുത്തുകാരനുമായ ഭാസി മലാപ്പറമ്പ് (86) അന്തരിച്ചു. മലാപ്പറമ്പിലെ വസതിയിലായിരുന്നു അന്ത്യം. സംസ്കാരം വ്യാഴാഴ്ച വൈകിട്ട് ആറിന് മാവൂർ റോഡ് ശ്മശാനത്തിൽ നടക്കും.
എട്ട് ലോകകപ്പ് ഫുട്ബോൾ ടൂർണമെന്റുകൾ നേരിട്ട് റിപ്പോർട്ട് ചെയ്ത അപൂർവം ഇന്ത്യൻ മാധ്യമപ്രവർത്തകരിൽ ഒരാളാണ് അദ്ദേഹം. 1982 സ്പെയിൻ ലോകകപ്പ് മുതൽ 2014-ലെ ബ്രസീൽ ലോകകപ്പ് വരെ കളിക്കളത്തിൽ നിന്ന് തത്സമയം റിപ്പോർട്ട് ചെയ്തു. 1986-ൽ അർജന്റീന താരം ഡിയഗോ മ റഡോണയുടെ വിവാദപരമായ ‘ദൈവത്തിന്റെ കൈ’ ഗോളും, 2006-ൽ സിനദിൻ സിദാൻ ഫ്രഞ്ച് ടീമിനായി കളിക്കുമ്പോൾ മാരിയോ മറ്റെരാസിയെ തലകൊണ്ടിടിച്ച സംഭവവുമെല്ലാം ഭാസി മലാപ്പറമ്പ് മാധ്യമപ്രവർത്തകനായി സ്റ്റേഡിയത്തിൽ നേരിൽ കണ്ട അനുഭവങ്ങളാണ്.
ഫുട്ബോൾ ഇതിഹാസം പെലെയെ നേരിൽ കാണാനും അഭിമുഖം നടത്താനും അദ്ദേഹത്തിന് അവസരം ലഭിച്ചിട്ടുണ്ട്. പെലെ നൽകിയ അപൂർവ്വമായ ഓട്ടോഗ്രാഫും അദ്ദേഹം സൂക്ഷിച്ചിരുന്നു. ഇതിനുപുറമെ ബോബി മൂർ, ബോബി ചാൾട്ടൺ, പീറ്റർ ഷിൽട്ടൺ തുടങ്ങിയ അന്താരാഷ്ട്ര ഫുട്ബോൾ താരങ്ങളുമായി അഭിമുഖം നടത്താനും അദ്ദേഹത്തിന് കഴിഞ്ഞു. ‘ജോഗോ ബോണീറ്റ’, ‘മനസ്സുകൾ സാഗരങ്ങൾ’ എന്നീ കായിക ഗ്രന്ഥങ്ങളുടെ രചയിതാവാണ്. 1972-ൽ പുറത്തിറങ്ങിയ ‘ഫുട്ബോൾ ചാമ്പ്യൻ’ എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്.
പി.ഡബ്ല്യു.ഡിയിൽ സിവിൽ എഞ്ചിനീയറായി സേവനമനുഷ്ഠിച്ചിരുന്ന ഭാസി, കോഴിക്കോട്ടെ പ്രാദേശിക ഫുട്ബോൾ രംഗത്തെ മികച്ച താരം കൂടിയായിരുന്നു. യങ് ചാലഞ്ചേഴ്സ് ക്ലബ്ബിന്റെ ക്യാപ്റ്റനായിരുന്ന അദ്ദേഹം കോഴിക്കോട്ടെ പ്രശസ്തമായ സേട്ട് നാഗ്ജി ഫുട്ബോൾ ടൂർണമെന്റിൽ നിരവധി തവണ പന്തുകളിച്ചിട്ടുണ്ട്.



