തിരുവനന്തപുരം: സംസ്ഥാനത്തെ സീനിയർ ഐ.എ.എസ് ഉദ്യോഗസ്ഥരായ ഡോ. ബി. അശോക്, എൻ. പ്രശാന്ത് എന്നിവർക്കെതിരെയുള്ള സസ്പെൻഷൻ നടപടികൾ സർക്കാർ പിൻവലിച്ചു. ഇരുവരുടെയും സസ്പെൻഷൻ ഉത്തരവ് പുനഃപരിശോധിക്കുമെന്നും അവർ വൈകാതെ തന്നെ സർവീസിൽ തിരിച്ചെത്തുമെന്നും മുഖ്യമന്ത്രി വി. ഡി. സതീശൻ വ്യക്തമാക്കിയിരുന്നു. മുൻ ഇടത് സർക്കാരിന്റെ കാലത്തുണ്ടായ സസ്പെൻഷൻ നടപടികളാണ് ഭരണമാറ്റത്തിന് പിന്നാലെ യു.ഡി.എഫ് സർക്കാർ റദ്ദാക്കുന്നത്. മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും ഭരണപരമായ കാര്യങ്ങളിൽ വിമർശനം ഉന്നയിച്ചതിനാണ് ഇരു ഉദ്യോഗസ്ഥർക്കുമെതിരെ മുൻ സർക്കാർ നടപടി സ്വീകരിച്ചിരുന്നത്.
മുൻ ഇടത് സർക്കാരിന്റെ വികസന നയങ്ങളെയും ഭരണപരമായ തീരുമാനങ്ങളെയും മാധ്യമങ്ങളിലൂടെയും ലേഖനങ്ങളിലൂടെയും പരസ്യമായി വിമർശിച്ചു എന്നതായിരുന്നു ബി. അശോകിന് മേൽ ചുമത്തിയ കുറ്റം. നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് തൊട്ടുമുമ്പ്, ഏപ്രിൽ അവസാന വാരത്തിലാണ് ചീഫ് സെക്രട്ടറിയുടെ നിർദ്ദേശപ്രകാരം കാവൽ സർക്കാർ ഇദ്ദേഹത്തെ സസ്പെൻഡ് ചെയ്തത്. മുൻകൂർ അനുമതിയില്ലാതെ മാധ്യമങ്ങൾക്ക് അഭിമുഖം നൽകി സർക്കാരിന്റെ പ്രതിച്ഛായ മോശമാക്കി എന്നതായിരുന്നു ചാർജ് മെമ്മോയിലെ പ്രധാന ആരോപണം.
ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെതിരെ സോഷ്യൽ മീഡിയയിലൂടെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചതിനെ തുടർന്ന് ഒന്നര വർഷത്തോളമായി പ്രശാന്ത് സസ്പെൻഷനിലാണ്. ഇതിനിടയിൽ, മുൻ സർക്കാരിനെയും എൽ.ഡി.എഫ് നേതൃത്വത്തെയും വിമർശിച്ച് ചാനൽ ചർച്ചകളിലും യൂട്യൂബ് പ്ലാറ്റ്‌ഫോമുകളിലും സംസാരിച്ചതിന് മെയ് ആദ്യവാരം ഇദ്ദേഹത്തിനെതിരെ വീണ്ടും സസ്പെൻഷൻ ഉത്തരവ് ഇറങ്ങിയിരുന്നു.
സസ്പെൻഷൻ പിൻവലിച്ചുകൊണ്ടുള്ള ഔദ്യോഗിക ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്നും, ഇരുവരെയും സെക്രട്ടേറിയറ്റിലെ പ്രധാന പദവികളിലേക്ക് നിയമിക്കുമെന്നുമാണ് സൂചന. ഭരണതലത്തിൽ വലിയൊരു അഴിച്ചുപണി നടത്തുന്നതിന്റെ ഭാഗമായി കൂടിയാണ് സർക്കാരിന്റെ ഈ നിർണായക നീക്കം.



