റിയാദ്: റിയാദ്-ദമ്മാം ഹൈവേയിൽ റുമാഹിന് സമീപമുണ്ടായ വാഹനാപകടത്തിൽ പത്തനംതിട്ട റാന്നി പൂഭരണി സ്വദേശി രാജേഷ് കുമാർ (42) മരിച്ചു. റിയാദിൽ ഹെവി വാഹന ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു.
റിയാദിൽ നിന്ന് അൽ ഹസയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് ചരക്കുമായി പോകുന്നതിനിടെയാണ് അപകടം. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
യാത്രയ്ക്കിടെ കമ്പനി അധികൃതർ രാജേഷിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണമൊന്നും ലഭിച്ചില്ല. തുടർന്ന് വാഹനത്തിലെ ജിപിഎസ് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് അപകടവിവരം പുറത്തറിയുന്നത്. പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം റുമാഹ് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
പിതാവ്: മണിയൻ നായർ. മാതാവ്: മണിയമ്മ. ഭാര്യ: ദീപ. മക്കൾ: പ്രണവ്, പൗർണമി
മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിയമനടപടികൾക്കായി റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് തിരൂർക്കാട്, ജാഫർ വീമ്പൂർ, നസീർ കണ്ണീരി, സമദ് നിലമ്പൂർ, കമ്പനി പ്രതിനിധി മുനീർ നിലമ്പൂർ, ബന്ധു രാജേഷ് എന്നിവർ രംഗത്തുണ്ട്.




