കൊണ്ടോട്ടി- പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ ബഷീർ സെക്രട്ടറിയായ കൊണ്ടോട്ടി ഇ.എം.ഇ.എ കോളേജിൽ പ്രവേശനത്തിന് വിദ്യാർത്ഥികളിൽനിന്ന് വൻ തുക കോഴ ഈടാക്കുന്നതായി പരാതി. മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകർ തന്നെയാണ് പരാതി ഉന്നയിച്ചത്. തുടർന്ന് മാനേജ്മെന്റ് കമ്മിറ്റി ഭാരവാഹികളുമായി മുസ്ലിം ലീഗ് നേതൃത്വം നടത്തിയ ചർച്ചയെ തുടർന്ന് പ്രവേശന നടപടികൾ നിർത്തിവെച്ചു. കോളേജിന്റെ ദൈനംദിന കാര്യങ്ങളിലടക്കം ഇപ്പോഴും ഇടപെടൽ നടത്തുന്നത് പി.കെ ബഷീർ തന്നെയാണ്.
യൂത്ത് ലീഗ് ഉന്നയിച്ച് ആക്ഷേപങ്ങൾക്ക് ഉടൻ പരിഹാരം കാണുമെന്ന് മുസ്ലീം ലീഗ് നേതാക്കൾ വ്യക്തമാക്കി. പരിഹാരം കാണുന്നതിനായി മാനേജിംഗ് കമ്മിറ്റി യോഗം ഉടൻ ചേരുമെന്നും അതുവരെ വിദ്യാർത്ഥി പ്രവേശനം താൽക്കാലികമായി നിർത്തിവെക്കുമെന്നും മാനേജ്‌മെന്റ് ഭാരവാഹികൾ ഉറപ്പ് നൽകി. എയ്ഡഡ് കോഴ്‌സുകളിലെ മാനേജ്‌മെന്റ് സീറ്റുകൾക്ക് അര ലക്ഷം രൂപയോളം കോഴ വാങ്ങുന്നുണ്ടെന്നും കൂടാതെ 12,000 രൂപ വീതം വേറെയും ഈടാക്കുന്നുണ്ടെന്നും ആരോപിച്ചായിരുന്നു മുസ്ലിം യൂത്ത് ലീഗ് തേഞ്ഞിപ്പലം പഞ്ചായത്ത് കമ്മിറ്റി കോളേജിലേക്ക് പ്രതിഷേധ സമരത്തിന് ആഹ്വാനം ചെയ്തിരുന്നത്.
പാണക്കാട് ബഷീറിലി ശിഹാബ് തങ്ങൾ, മുൻ മന്ത്രി പി.കെ. അബ്ദുറബ്ബ്, മന്ത്രി പി.കെ. ബഷീർ, കെ.പി.എ. മജീദ് തുടങ്ങിയവരാണ് പി.കെ ബഷീറിന് പുറമെ കോളേജിന്റെ മാനേജ്മെന്റ് കമ്മിറ്റിയിലെ പ്രമുഖർ. എന്നാൽ കോളേജിന്റെ പ്രവേശനം, അധ്യാപക നിയമനം തുടങ്ങിയ മുഴുവൻ കാര്യങ്ങളും തീരുമാനിക്കുന്നത് പി.കെ ബഷീർ തന്നെയാണ് എന്നാണ് മാനേജ്മെന്റ് കമ്മിറ്റിയിലെ അംഗങ്ങൾ വ്യക്തമാക്കുന്നത്. കോടി കണക്കിന് രൂപയാണ് വിദ്യാർഥികളിൽനിന്ന് ഓരോ അധ്യയന വർഷവും ഇത്തരത്തിൽ അഡ്മിഷന് വേണ്ടി വാങ്ങുന്നത്.
മാനേജ്‌മെന്റുമായി നടന്ന ചർച്ചയിൽ വള്ളിക്കുന്ന് മണ്ഡലം പ്രസിഡന്റ് ഡോ. വി.പി. അബ്‌ദുൾ ഹമീദ്, ജനറൽ സെക്രട്ടറി എം.എ. അസീസ്, കെ.പി. മുസ്‌തഫ തങ്ങൾ, കെ. റഫീഖ്, എം.എം. ബഷീർ, മണ്ഡലം യൂത്ത് ലീഗ് ഭാരവാഹികളായ സി.എ. ബഷീർ, സവാദ് കള്ളിയിൽ, ജെയ്സൽ സി. എന്നിവർ പങ്കെടുത്തു. പ്രശ്‌നപരിഹാരത്തിന് മാനേജ്‌മെന്റ് തയ്യാറായ സാഹചര്യത്തിൽ പ്രഖ്യാപിച്ച പ്രത്യക്ഷ സമരപരിപാടികൾ താൽക്കാലികമായി നിർത്തിവെക്കാൻ യൂത്ത് ലീഗ് പ്രവർത്തകരോട് അഭ്യർത്ഥിച്ചതായി വള്ളിക്കുന്ന് മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി ജനറൽ സെക്രട്ടറി എം.എ. അസീസ് വ്യക്തമാക്കി.




