ഭുവനേശ്വർ- നിർണായക ധാതുക്കളുടെ മേഖലയിലും സുസ്ഥിര സാങ്കേതികവിദ്യകളിലും കേരളത്തിന് വലിയ സാധ്യതകളുണ്ടെന്ന് ഭുവനേശ്വറിലെ ശാസ്ത്ര വ്യവസായ ഗവേഷണ കൗൺസിലിന്റെ ധാതുവസ്തു സാങ്കേതിക ഗവേഷണ സ്ഥാപനത്തിന്റെ ഡയറക്ടർ ഡോ. രാമാനുജ് നാരായൺ. തിരുവനന്തപുരം പ്രസ് ഇൻഫർമേഷൻ ബ്യൂറോ സംഘടിപ്പിച്ച ഒഡീഷ മാധ്യമപര്യടനത്തിന്റെ ഭാഗമായി കേരളത്തിൽ നിന്നുള്ള മാധ്യമസംഘം സ്ഥാപനം സന്ദർശിച്ചപ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
നിർണായക ധാതുമേഖലയിലെ മികവിന്റെ കേന്ദ്രമായി കേന്ദ്ര ഖനി മന്ത്രാലയം സ്ഥാപനത്തെ അംഗീകരിച്ചിട്ടുണ്ടെന്നും തന്ത്രപ്രധാനമായ ഈ രംഗത്ത് രാജ്യത്തെ പ്രമുഖ ഗവേഷണ സ്ഥാപനങ്ങളിലൊന്നാണിതെന്നും ഡോ. രാമാനുജ് പറഞ്ഞു. നിർണായക ധാതുക്കളുടെ വേർതിരിച്ചെടുക്കൽ, സംസ്കരണം, പരമാവധി പ്രയോജനപ്പെടുത്തൽ എന്നിവ ദേശീയ മുൻഗണനകളിലൊന്നാണെന്നും ഇതിനായി അത്യാധുനിക ഗവേഷണ സംവിധാനങ്ങൾ സ്ഥാപനത്തിൽ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കളിമൺ അധിഷ്ഠിത വ്യവസായ മേഖലയിലും കേരളത്തിന് വലിയ അവസരങ്ങളുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിലെ വനവിസ്തൃതി പ്രധാന കാർബൺ സംഭരണിയായി പ്രവർത്തിക്കുന്നതായും ശാസ്ത്രഎൻജിനീയറിങ് മേഖലയിലെ പുരോഗതി കുറഞ്ഞ മലിനീകരണമുള്ള സാങ്കേതികവിദ്യകളുടെ വികസനത്തിന് സഹായിക്കുന്നതായും അദ്ദേഹം പറഞ്ഞു. പരിസ്ഥിതിക്കും പ്രാദേശിക സമൂഹങ്ങൾക്കും കുറഞ്ഞ ആഘാതം മാത്രമുണ്ടാക്കുന്ന ഇത്തരം സാങ്കേതികവിദ്യകൾ സുസ്ഥിര വിഭവ വിനിയോഗത്തിന് സഹായകമാകുമെന്നും കൂട്ടിച്ചേർത്തു.
കേരളത്തിന്റെ സാഹചര്യങ്ങൾക്ക് അനുയോജ്യമായി സ്ഥാപനം വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യകളിൽ വാഴപ്പിണ്ടിയിൽനിന്നുള്ള അവശിഷ്ടം ഉപയോഗിച്ച് നിർമിക്കുന്ന ജൈവകൽക്കരി അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി. ഇത് മണ്ണിലെ പൊട്ടാസ്യത്തിന്റെ അളവ് വർധിപ്പിക്കാനും സുസ്ഥിര കൃഷിക്ക് സഹായിക്കാനും കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
സുസ്ഥിര വികസനത്തിന്റെയും ചാക്രിക സമ്പദ്വ്യവസ്ഥയുടെയും പ്രാധാന്യം ഊന്നിപ്പറഞ്ഞ ഡോ. രാമാനുജ്, മാലിന്യം വെറും മാലിന്യമല്ലെന്നും അതൊരു വിഭവമാണെന്നും പറഞ്ഞു. കാർഷിക, വ്യവസായിക ഉപോൽപ്പന്നങ്ങളെ മൂല്യവർധിത ഉൽപ്പന്നങ്ങളാക്കി മാറ്റുന്നതിനുള്ള സാങ്കേതികവിദ്യകളാണ് സ്ഥാപനം വികസിപ്പിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
പ്ലാറ്റിനം വിഭാഗത്തിൽപ്പെടുന്ന മൂലകങ്ങളും ഇരുമ്പയിരും കൈകാര്യം ചെയ്യുന്ന ഗവേഷണ സംവിധാനങ്ങളും ഇലക്ട്രോണിക് മാലിന്യവും പ്ലാസ്റ്റിക് മാലിന്യവും പുനരുപയോഗിക്കുന്നതിനുള്ള പ്രാരംഭ ഉൽപ്പാദനശാലകളും മാധ്യമസംഘം സന്ദർശിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







