ചെന്നൈ- തമിഴ്നാട് മുഖ്യമന്ത്രിയായി നടനും ടി.വി.കെ നേതാവുമായ വിജയ് ചുമതലയേൽക്കും. ടിവികെയെ പിന്തുണയ്ക്കാൻ വിസികെ, എഎംഎംകെ, മുസ്ലിം ലീഗ് എന്നീ കക്ഷികൾ വിജയിയെ പിന്തുണക്കാൻ തീരുമാനിച്ചു. തമിഴ്നാട് ഗവർണർ അർലേക്കറുമായി വിജയ് നിലവിൽ ചർച്ച നടത്തി വരികയാണ്. നാല് ദിവസം നീണ്ടുനിന്ന അനിശ്ചിതത്വങ്ങൾക്കൊടുവിൽ, ഇന്ന് (വെള്ളി) വൈകുന്നേരത്തോടെ ചെന്നൈയിലെ നടന്റെ വീടിന് ചുറ്റും ‘ടിവികെ, ടിവികെ’ വിളികൾ മുഴങ്ങി. അടുത്ത തമിഴ്‌നാട് മുഖ്യമന്ത്രിയാകാൻ ആവശ്യമായ സീറ്റുകൾ കൂടി വിജയ് ഉറപ്പാക്കി എന്ന സൂചന വന്നതോടെയായിരുന്നു ഇത്.
കഴിഞ്ഞ മാസം നടന്ന തിരഞ്ഞെടുപ്പിൽ വിജയ്‍യുടെ തമിഴക വെട്രി കഴകം വൻ വിജയം നേടിയിരുന്നു. കന്നിപ്പോരാട്ടത്തിൽ തന്നെ 234-ൽ 108 സീറ്റുകൾ നേടിയാണ് ഡിഎംകെ, എഐഎഡിഎംകെ എന്നീ ദ്രാവിഡ കക്ഷികളുടെ 62 വർഷത്തെ ആധിപത്യം പാർട്ടി തകർത്തത്. എന്നാൽ, ഭൂരിപക്ഷം തെളിയിക്കാതെ വിജയ്‌യെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കില്ലെന്ന് ഗവർണർ ആർ.വി. അർലേക്കർ വ്യക്തമാക്കിയതോടെ വിജയത്തിന്റെ ആവേശം പെട്ടെന്ന് കെട്ടടങ്ങി.
ബുധൻ, വ്യാഴം ദിവസങ്ങളിൽ രണ്ട് കൂടിക്കാഴ്ചകൾ നടന്നെങ്കിലും ഗവർണർ വഴങ്ങിയില്ല. 118 പേരുടെ ഭൂരിപക്ഷം വേണ്ട സഭയിൽ 113 എംഎൽഎമാരെ മാത്രം വെച്ച് സർക്കാർ നടത്താൻ കഴിയില്ലെന്ന് അദ്ദേഹം വിജയ്‌യെ അറിയിച്ചു. പിന്തുണയ്ക്കുന്ന എംഎൽഎമാരുടെ കത്തുകൾ ഹാജരാക്കണമെന്നും അദ്ദേഹം നിർബന്ധം പിടിച്ചു. അതേസമയം, ടിവികെയ്ക്ക് സ്വന്തമായി 108 സീറ്റുകൾ മാത്രമാണുള്ളത്. കുറഞ്ഞത് 10 സീറ്റുകൾ കൂടി വിജയ്‌ക്ക് ആവശ്യമായിരുന്നു. ബിജെപിയുമായി സഖ്യമുണ്ടാക്കില്ലെന്ന നിബന്ധനയോടെ കോൺഗ്രസ് തങ്ങളുടെ 5 സീറ്റുകൾ വാഗ്ദാനം ചെയ്തു. ഇതോടെ ഡിഎംകെ-കോൺഗ്രസ് സഖ്യം തകരുകയും പരസ്പര ആരോപണങ്ങൾ ഉയരുകയും ചെയ്തു. വിസികെ, സിപിഐ(എം), സിപിഐ എന്നീ പാർട്ടികളുമായി ടിവികെ ചർച്ചകൾ നടത്തി. വെള്ളിയാഴ്ച ഉച്ചയോടെ മൂന്ന് പാർട്ടികളും വിജയ്‌യെ പിന്തുണയ്ക്കാൻ സമ്മതിച്ചതായി ടിവികെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി സി.ടി. നിർമ്മൽ കുമാർ സ്ഥിരീകരിച്ചു.
ഇതിന് പുറമെ ടിടിവി ദിനകരന്റെ എഎംഎംകെയുടെ ഏക എംഎൽഎയുടെയും, ഐയുഎംഎല്ലിന്റെ ഒരു എംഎൽഎയുടെയും പിന്തുണ കൂടി ലഭിച്ചതോടെ വിജയ്‌യുടെ പക്ഷത്ത് 121 സീറ്റുകളായി. ഇടതുപക്ഷ പാർട്ടികൾ പുറത്തുനിന്നുള്ള പിന്തുണയാണ് പ്രഖ്യാപിച്ചിരിക്കുന്നത്, അവർ മന്ത്രിസഭയുടെ ഭാഗമാകില്ല. കോൺഗ്രസും വിസികെയും മന്ത്രിസ്ഥാനങ്ങൾ ആവശ്യപ്പെട്ടതായാണ് വിവരം. അതേസമയം, ഡിഎംകെയും എഐഎഡിഎംകെയും തമ്മിൽ സഖ്യമുണ്ടാക്കുമെന്ന അഭ്യൂഹങ്ങൾ ഉയർന്നെങ്കിലും അത് ഫലവത്തായില്ല. ഗവർണറെ സമ്മർദ്ദത്തിലാക്കി വിജയ്‌യെ തടയാൻ ശ്രമിക്കുന്നു എന്ന ആരോപണങ്ങൾ ബിജെപി നിഷേധിച്ചു. ഭൂരിപക്ഷം തെളിയിച്ചാൽ ജനാധിപത്യപരമായി ഗവർണർ തീരുമാനമെടുക്കുമെന്ന് ബിജെപി വ്യക്തമാക്കി.



