ന്യൂദൽഹി: കേരളത്തിന്റെ രാഷ്ട്രീയ ചക്രവാളത്തിൽ പുത്തൻ സൂര്യോദയം കുറിച്ചുകൊണ്ട്, വടശേരി ദാമോദരൻ സതീശൻ എന്ന വി.ഡി. സതീശനെ സംസ്ഥാനത്തിന്റെ പതിനാറാമത് മുഖ്യമന്ത്രിയായി കോൺഗ്രസ് ഹൈക്കമാന്റ് പ്രഖ്യാപിച്ചു. ഇന്ന് രാവിലെ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, ദീപ് ദാസ് മുൻഷി, ജയറാം രമേശ് തുടങ്ങിയവർ നടത്തിയ മാരത്തോൺ ചർച്ചകൾക്കൊടുവിലാണ് പ്രഖ്യാപനം. കെ.സി വേണുഗോപാലുമായി രണ്ടു മണിക്കൂറിലേറെ നേരം രാഹുൽ ഗാന്ധി ചർച്ച നടത്തി. ഇതിന് ശേഷമാണ് പ്രഖ്യാപനം വന്നത്. വൈകിട്ട് ദൽഹിയിൽനിന്ന് തിരുവനന്തപുരത്തെത്തും. ഹൈക്കമാന്റിന്റെ ഏതു തീരുമാനവും അംഗീകരിക്കുമെന്ന് കെ.സി വേണുഗോപാലും പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പിൽ 102 സീറ്റുകളുടെ വിസ്മയിപ്പിക്കുന്ന ഭൂരിപക്ഷത്തോടെ യു.ഡി.എഫിനെ ഉജ്ജ്വല വിജയത്തിലേക്ക് നയിച്ച സതീശന്റെ കിരീടധാരണത്തിനായി കേരളം ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. പതിനൊന്നു ദിവസത്തെ നീണ്ട കൂടിയാലോചനകൾക്കൊടുവിൽ, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും നടത്തിയ നിർണ്ണായക ചർച്ചയിലാണ് വിട്ടുവീഴ്ചയില്ലാത്ത ഈ പോരാളിയെ ഭരണസാരഥ്യം ഏൽപ്പിക്കാൻ തീരുമാനിച്ചത്. പ്രഖ്യാപനം വന്നതോടെ അനിശ്ചിതത്വങ്ങൾ വഴിമാറുകയും കേരളമെങ്ങും ആവേശകരമായ വിജയാഘോഷങ്ങളിലേക്ക് കടക്കുകയും ചെയ്തു.
കെ.സി വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരാണ് വി.ഡി സതീശന് പുറമെ മുഖ്യമന്ത്രി പരിഗണനാ പട്ടികയിലുണ്ടായിരുന്നത്. വി.എം സുധീരൻ, കെ. മുരളീധരൻ എന്നിവരുടെ ഇടപെടലുകളും മുസ്ലിം ലീഗ്, കേരള കോൺഗ്രസ് ജോസഫ് തുടങ്ങിയ ഘടകകക്ഷികളുടെ നിലപാടുകളുമാണ് സതീശന് തുണയായത്. കേരളത്തിന്റെ വികാരം ഹൈക്കമാന്റിനെ അറിയിച്ചിട്ടുണ്ടെന്ന് ഇന്നലെ വി.എം സുധീരൻ പറഞ്ഞിരുന്നു.
1964 മെയ് 31-ന് എറണാകുളം നെട്ടൂരിലെ വടശ്ശേരി ദാമോദര മേനോന്റെയും വി. വിലാസിനിയമ്മയുടെയും മകനായി ജനിച്ച സതീശൻ, വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ കരുത്തുമായാണ് പൊതുരംഗത്തേക്ക് എത്തിയത്. എം.ജി സർവ്വകലാശാലാ യൂണിയൻ ചെയർമാനായും എൻ.എസ്.യു ദേശീയ സെക്രട്ടറിയായും തിളങ്ങിയ അദ്ദേഹം, ഒരു നിയമ ബിരുദധാരിയുടെ മൂർച്ചയുള്ള ബുദ്ധിയും പോരാട്ടവീര്യവും ഒരേപോലെ രാഷ്ട്രീയത്തിൽ പ്രയോഗിച്ചു. 1996-ൽ പറവൂരിൽ നേരിട്ട ആദ്യ പരാജയം ഒരു കരുത്താക്കി മാറ്റിയ അദ്ദേഹം, 2001 മുതൽ തുടർച്ചയായി ആറുതവണ ഒരേ മണ്ഡലത്തിൽ നിന്ന് നിയമസഭയിലെത്തി പറവൂരിന്റെ പ്രിയപുത്രനായി മാറി. അന്യസംസ്ഥാന ലോട്ടറി മാഫിയക്കെതിരായ പോരാട്ടവും പരിസ്ഥിതി സംരക്ഷണത്തിനായി ഉയർത്തിയ ധീരമായ നിലപാടുകളും സതീശനെ ജനകീയ ഹൃദയങ്ങളിൽ പ്രതിഷ്ഠിച്ചു.
പതിനഞ്ചാം നിയമസഭയിൽ പ്രതിപക്ഷ നേതാവെന്ന നിലയിൽ പിണറായി സർക്കാരിനെ വിറപ്പിച്ച സതീശൻ, യു.ഡി.എഫിന്റെ തിരിച്ചുവരവിന് ചുക്കാൻ പിടിച്ച നായകനാണ്. 2026 ഏപ്രിൽ 9-ന് നടന്ന തിരഞ്ഞെടുപ്പിൽ പറവൂരിൽ നിന്ന് 11,376 വോട്ടുകളുടെ തിളക്കമാർന്ന ഭൂരിപക്ഷത്തോടെയാണ് അദ്ദേഹം വീണ്ടും സഭയിലെത്തിയത്. കോൺഗ്രസ് ഹൈക്കമാന്റ് പ്രഖ്യാപിച്ച ഈ നായകത്വത്തിന് കീഴിൽ കേരളം പുതിയൊരു വികസന യുഗത്തിലേക്ക് ചുവടുവെക്കുമെന്ന പ്രതീക്ഷയിലാണ് പ്രവർത്തകരും പൊതുജനങ്ങളും. ഒരു പതിറ്റാണ്ടിന് ശേഷം സെക്രട്ടറിയേറ്റിന്റെ പടവുകൾ കയറാൻ യു.ഡി.എഫിനെ പ്രാപ്തമാക്കിയ വി.ഡി. സതീശന്റെ സ്ഥാനാരോഹണം കേരള രാഷ്ട്രീയത്തിലെ പുതിയൊരു ചരിത്രനിയോഗമായി മാറിയിരിക്കുകയാണ്.



