ന്യൂദൽഹി:വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പുതുക്കൽ (SIR) ഉൾപ്പെടെയുള്ള കാര്യങ്ങളിൽ മറ്റ് തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ എതിർപ്പുകൾ തള്ളിക്കളയുന്നുവെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ, ബി.ജെ.പി.ക്കും ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനുമെതിരെ കടുത്ത വിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. രാജ്യത്ത് വോട്ടുകൾ മോഷ്ടിക്കപ്പെടുകയാണെന്നും ഇത് ജനപ്രതിനിധികൾ ഉണ്ടാക്കുന്ന നിയമങ്ങളെപ്പോലും നിയമവിരുദ്ധമാക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ദേശദ്രോഹികൾ രാജ്യത്തെ ജനാധിപത്യത്തെ അട്ടിമറിക്കുകയാണെന്നും രാഹുൽ ആഞ്ഞടിച്ചു.
വ്യാഴാഴ്ച ന്യൂഡൽഹിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കവെ, ഗ്യാനേഷ് കുമാറിനെ രാജ്യദ്രോഹിയെന്ന് വിശേഷിപ്പിച്ച രാഹുൽ ഗാന്ധി, ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നും ആവശ്യപ്പെട്ടു. ഇന്ത്യയിലെ ജനാധിപത്യം “തകർക്കപ്പെടുന്നത്” കോൺഗ്രസ് നോക്കിനിൽക്കില്ലെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. ബി.ജെ.പി. 30 വർഷം അധികാരത്തിൽ തുടരുമെന്നും 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ. 400 സീറ്റുകൾ കടക്കുമെന്നുമുള്ള ആഭ്യന്തരമന്ത്രി അമിത് ഷായുടെയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും പ്രസ്താവനകൾ ചൂണ്ടിക്കാട്ടി, ‘ഭരണവിരുദ്ധ വികാരം’ എന്ന അടിസ്ഥാന ശക്തി കാരണം ഒരു ജനാധിപത്യ രാജ്യത്തും ഒരു രാഷ്ട്രീയ നേതാവിനും ഇത്രയധികം ആത്മവിശ്വാസം പുലർത്താൻ കഴിയില്ലെന്നും പറഞ്ഞു.
“1971-ൽ ബംഗ്ലാദേശ് യുദ്ധം ജയിച്ചതിന് ശേഷം ഇന്ദിരാഗാന്ധി ജനപ്രീതിയുടെ കൊടുമുടിയിലായിരുന്നു. എന്നാൽ ഒരു വർഷത്തിനോ രണ്ട് വർഷത്തിനോ ഉള്ളിൽ അവർക്ക് വലിയ രീതിയിലുള്ള ഭരണവിരുദ്ധ വികാരവും പാർട്ടിക്കുള്ളിൽ നിന്ന് തന്നെ വലിയ സമ്മർദ്ദവും നേരിടേണ്ടി വന്നു. സമാനമായ അനുഭവം ഓരോ നേതാക്കൾക്കും, കോൺഗ്രസ് നേതാക്കൾക്കും പ്രാദേശിക കക്ഷികൾക്കും ഉണ്ടാകാറുണ്ട്. എന്നാൽ ഏതോ ചില കാരണങ്ങളാൽ പ്രധാനമന്ത്രി മോദിക്കും അമിത് ഷായ്ക്കും ബി.ജെ.പി.ക്കും മാത്രം അത് സംഭവിക്കുന്നില്ല,” അദ്ദേഹം അവകാശപ്പെട്ടു.
“കഴിഞ്ഞ 50 വർഷമായി ഹരിയാന ഒരു പാർട്ടിയിൽ നിന്ന് മറ്റൊരു പാർട്ടിയിലേക്ക് മാറിമാറി വരുന്നു, എന്നാൽ പെട്ടെന്ന് ഭരണവിരുദ്ധ വികാരം അപ്രത്യക്ഷമാകുന്നു. മഹാരാഷ്ട്രയും അതുപോലെ മാറിമറിയുന്നു; പെട്ടെന്ന് അതും ഇല്ലാതാകുന്നു. ഉത്തർപ്രദേശ് സമാജ്‌വാദി പാർട്ടിയിൽ നിന്ന് ബഹുജൻ സമാജ് പാർട്ടിയിലേക്ക് മാറുന്നു, അതും അപ്രത്യക്ഷമാകുന്നു. ഇത് ഞങ്ങളെ സംബന്ധിച്ച് ഒരു അടിസ്ഥാന ചോദ്യമാണ്. ഒരാളുടെ ജനപ്രീതി ഞങ്ങൾക്ക് മനസ്സിലാക്കാൻ സാധിക്കും. ഒരു സർക്കാരിന്റെ പ്രകടനം മനസ്സിലാക്കാൻ സാധിക്കും. എന്നാൽ ഭരണവിരുദ്ധ വികാരം എങ്ങനെയാണ് അപ്രത്യക്ഷമാകുന്നത് എന്ന് മാത്രം മനസ്സിലാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.







