മുംബൈ- സെപ്തംബർ 14ന് ആരംഭിക്കുന്ന ഗണേശ ചതുർത്ഥി ഉത്സവത്തിന്റെ ഭാഗമായി മഹാരാഷ്ട്രയിലെ പൂനെയിൽ 12 ദിവസത്തേക്ക് ഏർപ്പെടുത്തിയ സമ്പൂർണ മദ്യനിരോധനത്തെ കടുത്ത ഭാഷയിൽ വിമർശിച്ച് ബോംബെ ഹൈക്കോടതി. മഹാരാഷ്ട്രയിലെ മറ്റിടങ്ങളിൽ ഇല്ലാത്ത ഇത്തരം കടുത്ത നിയന്ത്രണങ്ങൾ പൂനെയിൽ മാത്രം ഏർപ്പെടുത്തിയത് എന്തിനാണെന്നും ഇത് തികച്ചും യുക്തിരഹിതവും വിവേചനപരവുമാണെന്നും ചീഫ് ജസ്റ്റിസ് എം.സി. ത്രിപാഠി, ജസ്റ്റിസ് അദ്വൈത് സേത്‌ന എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
ഹോട്ടൽ, വൈൻ ഷോപ്പ് ഉടമകളുടെ സംഘടനകൾ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതി പൂനെ ജില്ലാ കളക്ടറുടെ ഉത്തരവിനെതിരെ രംഗത്തുവന്നത്. സംഭവത്തിൽ ബി ജെ ബി- ശിവസേന (ഷിൻഡെ)- എൻ സി പി സർക്കാറിനെ കോടതി രൂക്ഷമായി വിമർശിച്ചു.
മഹാരാഷ്ട്രയിൽ ഡീസൽ ടാങ്കർ പൊട്ടിത്തെറിച്ച് വൻ തീപിടിത്തം
മഹാരാഷ്ട്രയിലെ മുംബൈ അടക്കമുള്ള മറ്റ് നഗരങ്ങളിൽ ഇല്ലാത്ത നിയന്ത്രണം പൂനെയിൽ മാത്രം കൊണ്ടുവരുന്നതിലൂടെ, പൂനെയുള്ളവർ മാത്രമാണ് മദ്യപിച്ചാൽ ക്രമസമാധാന പ്രശ്‌നമുണ്ടാക്കുന്നത് എന്ന തരത്തിലുള്ള തെറ്റായ സന്ദേശമാണ് ഭരണകൂടം നൽകുന്നതെന്ന് കോടതി പറഞ്ഞു. മദ്യപിക്കുന്ന എല്ലാവരും തെരുവിൽ ക്രമസമാധാന പ്രശ്‌നങ്ങൾ ഉണ്ടാക്കുമെന്ന് കരുതാനാകില്ല. ആരെങ്കിലും പ്രശ്‌നമുണ്ടാക്കിയാൽ അവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുകയാണ് വേണ്ടത്. ലൈസൻസുള്ള വ്യാപാരികളുടെ ബിസിനസ് തടസ്സപ്പെടുത്തുന്ന ഇത്തരം പ്രായോഗികമല്ലാത്ത ഉത്തരവുകൾ സ്വയം പിൻവലിക്കാൻ തയ്യാറാണോ എന്ന് സർക്കാർ അറിയിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം കോടതിക്ക് ഇടപെടേണ്ടി വരുമെന്നും മുന്നറിയിപ്പ് നൽകി.







