ന്യൂയോർക്ക്- ഹൂത്തി വിമതർ നടത്തിയ ഡ്രോൺ, മിസൈൽ ആക്രമണങ്ങളിൽ സൗദി അറേബ്യക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് ഐക്യരാഷ്ട്ര സഭ രക്ഷാസമിതി. ആക്രമണത്തെ രക്ഷാസമിതി ശക്തമായി അപലപിച്ചു. സൗദിക്ക് പൂർണ്ണമായ ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്യുന്നതായി രക്ഷാ സമിതി അറിയിച്ചു. അബഹ, ജിസാൻ, നജ്റാൻ, ഖമീസ് മുഷൈത് എന്നീ സൗദി നഗരങ്ങളിലെ ജനവാസ മേഖലകൾക്ക് നേരെയുണ്ടായ ആക്രമണങ്ങളെ രക്ഷാസമിതി അംഗങ്ങൾ ഒന്നടങ്കം അപലപിച്ചു. പരമാധികാരവും ജനങ്ങളെയും സംരക്ഷിക്കാനുള്ള സൗദി അറേബ്യയുടെ അവകാശത്തിന് യോഗം പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു.
സൗദി അറേബ്യയുടെ തെക്കൻ നഗരങ്ങളിലെ സിവിലിയൻ കേന്ദ്രങ്ങളെയും സാമ്പത്തിക- ഊർജ്ജ മേഖലകളെയും ലക്ഷ്യമിട്ട് ഹൂത്തികൾ നടത്തിയ തുടർച്ചയായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് യു എൻ രക്ഷാസമിതി അടിയന്തര യോഗം ചേർന്നത്. യമൻ വീണ്ടും ഒരു സമ്പൂർണ്ണ യുദ്ധത്തിലേക്ക് നീങ്ങുകയാണെന്ന് യോഗത്തിൽ അന്താരാഷ്ട്ര പ്രതിനിധികൾ മുന്നറിയിപ്പ് നൽകി.
ഹൂത്തി ഡ്രോൺ ആക്രമണം: ഇസ്രായിലില്‍ 20 പേർക്ക് പരിക്ക്; രണ്ട് പേർ ഗുരുതരാവസ്ഥയിൽ
ഹൂത്തികൾക്ക് ലഭിക്കുന്ന ബാഹ്യമായ സൈനിക-സാങ്കേതിക സഹായങ്ങൾ ഉടനടി അവസാനിപ്പിക്കണമെന്ന് സൗദി അറേബ്യയുടെ യു.എൻ പ്രതിനിധി അബ്ദുൽ അസീസ് അൽ വാസിൽ രക്ഷാ സമിതിയോട് ആവശ്യപ്പെട്ടു. ചെങ്കടലിലെയും ബാബ് അൽ മന്ദബ് കടലിടുക്കിലെയും വാണിജ്യ കപ്പലുകൾക്ക് നേരെ ഹൂത്തികൾ നടത്തുന്ന ആക്രമണങ്ങൾ ആഗോള വ്യാപാരത്തിനും സമുദ്ര സുരക്ഷയ്ക്കും വലിയ ഭീഷണിയാണെന്ന് രക്ഷാസമിതി യോഗം വിലയിരുത്തി.







