ന്യൂദൽഹി- തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ പാർട്ടിയിൽ നിന്ന് രാജിവെച്ചു. രാജിവെക്കാനുള്ള തീരുമാനം അദ്ദേഹം ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീനെ അറിയിച്ചു. എന്നാൽ ഇദ്ദേഹത്തിന്റെ രാജി പാർട്ടി നേതൃത്വം സ്വീകരിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.
അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ അണ്ണാമലൈ സ്വന്തമായി ഒരു ജനകീയ പ്രസ്ഥാനമോ രാഷ്ട്രീയ പാർട്ടിയോ ആരംഭിക്കുമെന്നാണ് സൂചന. കഴിഞ്ഞ കുറച്ചു മാസങ്ങളായി ബിജെപി നേതൃത്വവുമായി അണ്ണാമലൈ അകൽച്ചയിലായിരുന്നുവെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നു. തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ നടൻ വിജയ്‌യുടെ പാർട്ടി നേടിയ വിജയം, സംസ്ഥാനത്ത് മറ്റൊരു പുതിയ രാഷ്ട്രീയ പാർട്ടിക്ക് കൂടി പ്രസക്തിയുണ്ട് എന്ന ആത്മവിശ്വാസം അണ്ണാമലൈയ്ക്ക് നൽകിയതായും പറയപ്പെടുന്നു.
മുൻ ഐപിഎസ് ഉദ്യോഗസ്ഥനായ അണ്ണാമലൈ, കർണാടകയിൽ ശ്രദ്ധേയമായ ഔദ്യോഗിക ജീവിതത്തിന് ശേഷമാണ് 2020-ൽ തന്റെ നാൽപ്പതാം വയസ്സിൽ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. തമിഴ്‌നാട്ടിലെ കരൂർ സ്വദേശിയായ അദ്ദേഹം ബിജെപിയിൽ അതിവേഗം വളരുകയും 2021-ൽ തമിഴ്‌നാട് ബിജെപി സംസ്ഥാന അധ്യക്ഷനായി നിയമിതനാവുകയും ചെയ്തു. ദ്രാവിഡ കക്ഷികൾ ദശാബ്ദങ്ങളായി ആധിപത്യം പുലർത്തുന്ന തമിഴ്‌നാട്ടിൽ, പാർട്ടിയുടെ സ്വാധീനം വർദ്ധിപ്പിക്കാൻ ശേഷിയുള്ള ഊർജ്ജസ്വലനായ യുവനേതാവായിട്ടാണ് ബിജെപി അദ്ദേഹത്തെ ഉയർത്തിക്കാട്ടിയിരുന്നത്.
എന്നാൽ ഈ സൗഹൃദം അധികനാൾ നീണ്ടുനിന്നില്ല. അണ്ണാമലൈയുടെ നിലപാടുകൾ കാരണമാണ് തങ്ങൾക്ക് എൻഡിഎ സഖ്യം വിടേണ്ടി വന്നതെന്ന് എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമി ആരോപിച്ചതോടെ ഇരുപാർട്ടികളും തമ്മിലുള്ള ഭിന്നത രൂക്ഷമായി. തുടർന്ന്, എഐഎഡിഎംകെയെ വീണ്ടും എൻഡിഎ സഖ്യത്തിലേക്ക് അമിത് ഷാ തിരികെ കൊണ്ടുവന്നതോടെ, 2025 ഏപ്രിലിൽ അണ്ണാമലൈ സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെച്ചിരുന്നു.



