ന്യൂദൽഹി: പശ്ചിമേഷ്യയിൽ തുടരുന്ന രൂക്ഷമായ സംഘർഷങ്ങളിൽ 14 നാവികർ ഉൾപ്പെടെ 22 ഇന്ത്യൻ പൗരന്മാർ കൊല്ലപ്പെട്ടതായി വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. മേഖലയിൽ വഷളായിക്കൊണ്ടിരിക്കുന്ന സുരക്ഷാ സാഹചര്യത്തിൽ ഇന്ത്യക്കുള്ള കടുത്ത ആശങ്ക വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ മാധ്യമസമ്മേളനത്തിൽ വ്യക്തമാക്കി.
മേഖലയിലെ മൊത്തത്തിലുള്ള സാഹചര്യങ്ങളെക്കുറിച്ച് വിശദീകരിച്ച വക്താവ്, സൗദി അറേബ്യയിൽ മാത്രം മൂന്ന് ഇന്ത്യക്കാർക്ക് ജീവൻ നഷ്ടമായതായി അറിയിച്ചു. അപകടസാധ്യതയേറിയ സമുദ്രപാതകളിൽ ജോലി ചെയ്യുന്ന നാവികരുടേയും പശ്ചിമേഷ്യയിലെ ഇന്ത്യൻ തൊഴിലാളികളുടേയും സുരക്ഷയും ക്ഷേമവും ഉറപ്പാക്കാൻ നയതന്ത്ര കാര്യാലയങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
ഗൾഫ് മേഖലയിലെ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ അവിടുത്തെ എംബസികളും നയതന്ത്ര കാര്യാലയങ്ങളും ഇന്ത്യൻ പ്രവാസി സമൂഹവുമായി നിരന്തരം സമ്പർക്കം പുലർത്തിവരികയാണെന്നും, സാഹചര്യം മന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും രൺധീർ ജയ്സ്വാൾ കൂട്ടിച്ചേർത്തു.



