ഷാർജ: കടലിൽ എണ്ണക്കപ്പലിൽ നിന്നുണ്ടായ എണ്ണച്ചോർച്ചയെത്തുടർന്ന് മുൻകരുതൽ നടപടിയായി ഷാർജ നഗരത്തിലെ ബീച്ചുകൾ താത്കാലികമായി അടച്ചതായി ഷാർജ ഗവൺമെന്റ് മീഡിയ ബ്യൂറോ അറിയിച്ചു. സമുദ്ര മലിനീകരണം തീരങ്ങളിലേക്ക് വ്യാപിക്കുന്നത് തടയാനും പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുമാണ് ഈ നടപടി.
എമിറേറ്റിലെ വിദഗ്ധ സംഘങ്ങളും ബന്ധപ്പെട്ട അധികൃതരും ചേർന്ന് തീരപ്രദേശം സംരക്ഷിക്കുന്നതിനായി അടിയന്തര നടപടികൾ സ്വീകരിച്ചുവരികയാണ്. മലിനീകരണം ബീച്ചുകളിലേക്ക് എത്തുന്നത് തടയാനുള്ള പ്രതിരോധ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
ബീച്ച് സന്ദർശകരും പൊതുജനങ്ങളും അധികൃതർ നൽകുന്ന സുരക്ഷാ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ഭരണകൂടം അഭ്യർത്ഥിച്ചു. വ്യാജവാർത്തകളും കിംവദന്തികളും പ്രചരിപ്പിക്കരുതെന്നും, ഔദ്യോഗിക മാധ്യമങ്ങളിലൂടെ പുറത്തുവിടുന്ന വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.



